യുവാക്കൾക്ക് സന്തോഷ വാർത്ത; അഗ്നിവീർ ഒഴിവുകൾ ഒരു ലക്ഷമായി ഉയർത്താൻ കരസേന
ഏകദേശം 1.8 ലക്ഷം സൈനികരുടെ കുറവ് പരിഹരിക്കുന്നതിനായി അഗ്നിവീർ ഒഴിവുകൾ ഒരു ലക്ഷമായി ഉയർത്താനൊരുങ്ങി കരസേന. നിലവിലെ 45,000-50,000 ഒഴിവുകളിൽ നിന്ന് ഓരോ വർഷവും ഒരു ലക്ഷത്തിലധികമായി ഉയർത്താനാണ് കരസേനയുടെ തീരുമാനം. 2020ലും 2021ലും കൊവിഡ് മഹാമാരിയെ തുടർന്ന് സൈന്യം റിക്രൂട്ട്‌മെന്റ് നിർത്തിവച്ചിരുന്നു. ഈ കാലയളവിൽ ഏകദേശം 60,000 മുതൽ 65,000 സൈനികർ വിരമിക്കുകയും ചെയ്തു. അഗ്നിവീർ പദ്ധതി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്.
2022 ജൂൺ 14ന് അഗ്നിപഥ് ആരംഭിച്ചപ്പോൾ നാല് വർഷത്തേക്കാണ് നിയമനം നടത്താൻ തീരുമാനിച്ചിരുന്നത് . ആ വർഷം കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലേക്ക് ഏകദേശം 46,000 ഒഴിവുകൾ നിയമനത്തിനായി അനുവദിച്ചു. ഇതിൽ 40,000 ഒഴിവുകൾ കരസേനയ്ക്കും ബാക്കിയുള്ളവ നാവികസേനയ്ക്കും വ്യോമസേനയ്ക്കുമായിരുന്നു.
അക്കാലത്തെ പദ്ധതികൾ പ്രകാരം, അടുത്ത നാല് വർഷത്തിനുള്ളിൽ, സൈന്യത്തിലേക്കുള്ള അഗ്നിവീറുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനും 1.75 ലക്ഷമായി പരിമിതപ്പെടുത്താനും തീരുമാനിച്ചു. നാവികസേനയിലേക്കും വ്യോമസേനയിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് കണക്കുകൾ അടുത്ത നാല് വർഷത്തിനുള്ളിൽ ക്രമേണ വർദ്ധിച്ച് ഏകദേശം 28,700 ആയി ഉയരാനും തീരുമാനിച്ചു.
2022ൽ അഗ്നിപഥ് പദ്ധതി പ്രകാരം പരിമിതമായ എണ്ണം സൈനികരെ മാത്രമേ നിയമിച്ചിട്ടുള്ളൂവെങ്കിലും വിരമിക്കുന്ന സൈനികരുടെ എണ്ണം എല്ലാ വർഷവും 60,000-65,000 ആയി തുടർന്നു. ഇത് ആകെ കുറവ് പ്രതിവർഷം 20,000-25,000 ഉയർന്നു. നിലവിൽ, സൈനികരുടെ ആകെ കുറവ് ഏകദേശം 1.8 ലക്ഷമാണ്.
വിരമിക്കുന്ന സൈനികരും 2026 ഡിസംബറിന് ശേഷം പിരിഞ്ഞുപോകാവുന്ന അഗ്നിവീർമാരുടെ കണക്കും പരിശോധിച്ചാൽ, ഈ വർഷം മുതൽ അഗ്നിവീർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഏകദേശം ഒരു ലക്ഷം ഒഴിവുകൾ സൃഷ്ടിക്കാൻ സൈന്യം ആലോചിക്കുന്നു. എല്ലാ റെജിമെന്റൽ സെന്ററുകളിലെയും പരിശീലന സൗകര്യങ്ങൾ കണക്കിലെടുത്താണ് അധിക ഒഴിവുകൾ നികത്തുന്നത്. അഗ്നിവീർ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ്, 2020 വരെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികർ പ്രതിവർഷം 60,000 എന്ന നിരക്കിൽ വിരമിക്കുന്നത് തുടരുമെന്ന് വൃത്തങ്ങൾ പറഞ്ഞു.