ഹോങ്കോംഗിൽ ബഹുനില കെട്ടിടങ്ങളിൽ വൻ തീപിടിത്തം, 13 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ഹോങ്കോംഗ്: ഹോങ്കോംഗിലെ തായ് പോ പ്രദേശത്ത് ബഹുനില കെട്ടിടങ്ങളിൽ വൻ തീപിടിത്തം. താമസക്കാരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുമടക്കം 13 പേർ മരിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചുരുങ്ങിയത് 15 പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റു എന്നാണ് വിവരം. ഏഴോളം ബ്ളോക്കുകളിൽ നിർമ്മാണത്തിന് സഹായിക്കുന്ന മുളകൊണ്ടുള്ള നിർമ്മിതികളിൽ തീപടർന്നു. ഇവിടങ്ങളിൽ താമസക്കാർ കുടുങ്ങിക്കിടക്കുകയാണ്.
കെട്ടിടത്തിനുള്ളിൽ സ്‌ത്രീകളും പുരുഷന്മാരും പൊള്ളലേറ്റും ബോധമറ്റും കിടപ്പുണ്ടെന്ന് വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഏറ്റവും തീവ്രതയേറിയ ലെവൽ 5 വിഭാഗത്തിൽപ്പെട്ട അഗ്നിബാധയാണിതെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക സമയം വൈകിട്ട് 6.22നാണ് ദുരന്തമുണ്ടായത്. ശക്തമായ തീയും പുകയും അഗ്നിരക്ഷാസേനാംഗങ്ങൾക്ക് സമീപത്തെത്താൻ വലിയ തടസമാണെന്ന് റിപ്പോർട്ടുകളുണ്ട്. ആകെ രണ്ടായിരത്തോളം കുടുംബങ്ങൾ ഈ ഭാഗത്തുണ്ടെന്നാണ് വിവരം. അതിൽ എത്രപേർ ഉള്ളിൽ കുടുങ്ങിയെന്ന് വ്യക്തമായിട്ടില്ല. 128 ഫയർ എഞ്ചിനുകളും 767 ഫയർഫോഴ്‌സ് സേനാംഗങ്ങളും 400 പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 700ഓളം പേർ രക്ഷാകേന്ദ്രത്തിലേക്ക് എത്തിയിട്ടുണ്ട്. ഒൻപത് പേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും മരിച്ചു എന്നാണ് വിവരം. ലോകത്തിൽ ജനസാന്ദ്രതയേറിയ ഇടങ്ങളിലൊന്നിലാണ് വൻ അഗ്നിബാധയുണ്ടായത്.