ഇമ്രാൻഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടു,​ പിന്നിൽ അസീം മുനീറും ഐഎസ്ഐയും,​ ആരോപണവുമായി ബലൂച് വിദേശകാര്യ മന്ത്രാലയം

Wednesday 26 November 2025 6:53 PM IST

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലിൽ വച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ക്രൂരമായി പീഡനത്തിന് ശേഷം ഇമ്രാ ൻ ഖാനെ കൊലപ്പെടുത്തിയതായി ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയും സൈനിക മേധാവി അസിീം മുനീറുമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബലൂചിസഥാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതേസമയം റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല .

ഇമ്രാൻഖാനെ പാർപ്പിച്ചിരിക്കുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇമ്രാൻ ഖാന്റെ സഹോദരിമാരെയും മറ്റ് കുടുംബാംഗങ്ങളെയും ജയിലിൽ പ്രവേശിപ്പിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇതാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം എന്ന സംശയം വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഈ വിവരം ശരിയാണെന്ന് സ്ഥിരീകരിച്ചാൽ, അത് പാകിസ്ഥാന്റെ സമ്പൂർണ്ണ അന്ത്യമായിരിക്കുമെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു. സത്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുന്ന നിമിഷം മുതൽ അവരുടെ തകർച്ച ആരംഭിക്കുമെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.

അതേസമയം പാകിസർക്കാരോ ജയിൽ അധികൃതരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 73കാരനായ ഇമ്രാൻഖാൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ ജയിലിലാണ്. താൻ ജയിലിൽ പീഡനം അനുഭവിക്കുന്നതായി കഴിഞ്ഞ ജൂലായിൽ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ സൈനിക മേധാവി അസിം മുനീറായിരിക്കും ഉത്തരവാദിയെന്നും പാർട്ടിപ്രവർത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു. ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ മേയിലും അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ പ്രചാരണം വ്യാജമാണെന്ന് പാകിസ്ഥാൻ വാർത്താ വിതരണ മന്ത്രാലയം വാർത്താക്കുറിപ്പിറക്കിയിരുന്നു .