റേച്ചൽ 12ന് , കളങ്കാവൽ ഡിസംബർ 5ന് ഉറപ്പിച്ചു
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവൽ ഡിസംബർ 5ന് റിലീസ് ചെയ്യും . നേരത്തേ നവംബർ 27ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. ഇതു മാറുകയും ജനുവരിയിൽ റിലീസ് ചെയ്യാൻ ആലോചിക്കുകയും ചെയ്തിരുന്നതാണ്. എട്ട് മാസങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടിച്ചിത്രം കളങ്കാവലിന് റിലീസ് ദിവസം അബുദാബിയിലെ അൽ മരിയ മാളിലെ മൾട്ടിപ്ലക്സ് തിയേറ്ററായ 369 ൽ ഡിസംബർ 5 ന് രാവിലെ 9 മണി മുതൽ സ്ക്രിൻ 3 ലും സ്ക്രീൻ 7 ലുമായി പിറ്റേന്ന് പുലർച്ചെ വരെ 12 പ്രദർശനങ്ങളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 6 ന് രാത്രി 12.05, 1.30, 2.45 എന്നിങ്ങനെയാണ് പ്രദർശന സമയങ്ങൾ. അതേസമയം ഡിസംബർ 5ന് റിലീസ് നിശ്ചയിച്ചിരുന്ന ഹണി റോസ് ചിത്രം റേച്ചൽ 12 ലേക്ക് നീട്ടി.. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിൽ മീര ജാസ്മിൻ, രജിഷ വിജയൻ, മേഘ തോമസ് , ഗായത്രി അരുൺ തുടങ്ങി 21 നായികമാരുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടി ആണ്. ജിഷ്ണു ശ്രീകുമാറും ജിതൻ കെ. ജോസും ചേർന്നാണ് രചന. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണം. പി.ആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.