മുരിങ്ങക്കായ്ക്ക് പൊന്നിൻ വില

Thursday 27 November 2025 6:03 AM IST

കിളിമാനൂർ: ഗ്രാമങ്ങളിൽ നിന്നും മുരിങ്ങ മരം അപ്രത്യക്ഷമായതോടെ നാട്ടിൻപുറങ്ങളിൽ മുരിങ്ങക്കായ്ക്ക് വില കൂടി.ഇപ്പോൾ മുരിങ്ങക്കായ്ക്ക് കിലോ വില അഞ്ഞൂറിനടുത്താണ്.ഇതോടെ അവിയലിൽ നിന്നും, സാമ്പാറിൽ നിന്നും മുരിങ്ങാക്കായ ഔട്ട്.കടകളിൽ നിന്നും പച്ചക്കറി വാങ്ങുമ്പോൾ ഇട്ടു തന്നിരുന്ന മുരിങ്ങക്കായുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് വീട്ടമ്മമാരും.

നാട്ടിലെ ചെറുകടകളിൽ പേരിന് പോലും മുരിങ്ങാക്കായ ഇല്ല.ചെറുകിട ഹോട്ടലുകാരും തത്ക്കാലത്തേക്ക് കറികളിൽ നിന്ന് മുരിങ്ങാക്കായ മാറ്റിയിരിക്കുകയാണ്.മറ്റു പച്ചക്കറികൾക്കും വില ഉയരുന്നത് ഹോട്ടലുകാരെയും വീട്ടമ്മമാരെയും ആശങ്കയിലാക്കുന്നു.

നാട്ടിൻപുറങ്ങളിൽ മുരിങ്ങ അന്യമായപ്പോൾ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്,​കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് മുരിങ്ങയ്ക്കാ വന്നിരുന്നത്.

മുൻപ് വില (കിലോയ്ക്ക്)​ - 200 - 250രൂപ

ഇപ്പോൾ 400 - 450 രൂപ

ചെറുകിട കച്ചവടക്കാരാണേൽ 500നാണ് വിൽക്കുന്നത്

വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം

മണ്ഡല വിളക്ക് തീർത്ഥാടനം ആരംഭിച്ചതോടെ ഹോട്ടലുകളിലും അന്നദാന കേന്ദ്രങ്ങളിലേക്കും ആവശ്യം വർദ്ധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി