വികസനം കൂട്ടിമുട്ടാതെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ
വക്കം: നവീകരണ പ്രവർത്തനങ്ങൾ നടത്താതെയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാതെയും കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെ അധികൃതർ അവഗണിക്കുന്നതായി ആക്ഷേപം. കൊവിഡുകാലത്ത് നിറുത്തലാക്കിയ ട്രെയിനുകൾക്ക് ഇപ്പോഴും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
സമീപ സ്റ്റേഷനുകളിൽ അമൃതാ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുമ്പോഴും കടയ്ക്കാവൂരിനെ അവഗണിക്കുകയാണെന്നാണ് പരാതി.
രാത്രി 8 കഴിഞ്ഞാൽ പ്രദേശത്ത് ബസ് സർവീസില്ല. അതിനാൽ രാത്രിയിൽ ട്രെയിനിലെത്തുന്ന യാത്രക്കാർ മറ്റ് സ്റ്റേഷനുകളിലിറങ്ങി ഓട്ടോറിക്ഷയെ ആശ്രയിച്ച് വേണം വീടുകളിലെത്താൻ.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ്,ലഘു ഭക്ഷണശാല എന്നിവയും നിറുത്തലാക്കി. സ്റ്റേഷന് സമീപത്തെ പ്രധാന വഴികളെല്ലാം കാടുകയറി ഇഴ ജന്തുക്കളുടെയും, തെരുവുനായ്ക്കളുടെയും കേന്ദ്രമായി. യാത്രക്കാർ കുറവായതുകൊണ്ടാണ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതെന്നാണ് അധികൃതരുടെ വാദം.
എൻ.എസ്.ജി 6 ഡി കാറ്റഗറി റെയിൽവേ സ്റ്റേഷനാണ്
വിജനമായ സ്റ്റേഷൻ തെരുവ് നായ്ക്കളുടെയും,സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രം
കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,വക്കം,മണനാക്ക് പ്രദേശവാസികൾ ആശ്രയിക്കുന്ന സ്റ്റേഷൻ
നിലവിൽ ദീർഘദൂര യാത്രകൾക്കായി വർക്കല ചിറയിൻകീഴ് സ്റ്റേഷനുകളെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്
പടി കയറാൻ വയ്യ
തിരുവനന്തപുരം സ്റ്റേഷനിലെ ട്രെയിനുകൾ പാർക്ക് ചെയ്യുന്നതിനു വേണ്ടിയാണ് ഒന്നാമത്തെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ ട്രെയിനുകൾ നിറുത്തുന്നത്.ഫുട്പാത്തിലൂടെ പടി കയറി വേണം ഇവിടെയെത്താൻ.
സ്റ്റോപ്പ് വേണ്ടത്
പരശുറാം എക്‌സ്‌പ്രസ്
നേത്രാവതി എക്‌സ്‌പ്രസ്
സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കേണ്ടത്
മംഗലാപുരം എക്‌സ്‌പ്രസ്
ചെന്നൈ എക്‌സ്‌പ്രസ്
റിസർവേഷൻ സമയം പുനഃസ്ഥാപിക്കുക,റെയിൽവേ സ്റ്റേഷന് മുന്നിലെ പാർക്കിംഗ് മാറ്റി സ്ഥാപിക്കുക.
സുനിൽകുമാർ ജനറൽ സെക്രട്ടറി,
കടയ്ക്കാവൂർ റെയിൽവേ
പാസഞ്ചേഴ്സ് അസോസിയേഷൻ
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കണം.
അവിൻ മോഹൻ,ഔർടീം,കടയ്ക്കാവൂർ