തിരഞ്ഞെടുപ്പിൽ സ്വർണത്തിളക്കം

Thursday 27 November 2025 12:19 AM IST

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോർക്കളത്തിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ ജില്ലയിലെ വോട്ടർമാർക്കു മുന്നിൽ തിളയ്ക്കുന്ന ഒട്ടേറെ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. പ്രചാരണത്തിന് പതിമൂന്ന് ദിവസമാണ് ലഭിക്കുന്നത്. ശബരിമല ഉൾപ്പെടുന്ന ജില്ലയെന്ന നിലയിൽ ഇവിടെ കത്തിപ്പടരുന്നത് സ്വർണക്കൊള്ളയാണ്. ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ടെങ്കിലും തിളക്കമുള്ളത് സ്വർണത്തിനാണ്. ശബരിമല സ്വർണക്കൊള്ളയോളം വരില്ല മറ്റൊന്നും. എന്നാലും, എല്ലാം പറഞ്ഞു തന്നെ പോരാടാനാണ് മുന്നണികൾ കച്ചമുറുക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെയെന്ന പോലെ സ്വർണവും റബറും മാലിന്യവും തെരുവ് നായശല്യവും ഇക്കുറി പത്തനംതിട്ടയിൽ ചർച്ചയാകും.

ശബരിമല സന്നിധാനത്ത് ദ്വാരപാലക ശിൽപ്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വർണം കൊള്ളയടിച്ച കേസിൽ പ്രതിരോധത്തിലായത് സംസ്ഥാന സർക്കാരും സി.പി.എമ്മുമാണ്. പ്രചാരണത്തിൽ സ്വർണക്കൊള്ള ജില്ലയിൽ മാത്രം ഒതുങ്ങില്ല. സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിക്കാൻ എല്ലായിടത്തും ഇതിലും നല്ലൊരു വിഷയം പ്രതിപക്ഷത്തിനും എൻ.ഡി.എയ്ക്കും കിട്ടാനില്ല. കേസിൽ സി.പി.എമ്മിലെ രണ്ട് പ്രധാനികളും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുമായ എ. പത്മകുമാറും എൻ.വാസുവും അറസ്റ്റിലായത് സി.പി.എമ്മിനും സർക്കാരിനും നേരെയുള്ള കൂരമ്പാണ്. പത്മകുമാർ ജില്ലാ കമ്മിറ്റിയംഗമാണെന്നതാണ് പാർട്ടിയെ കുഴപ്പത്തിലാക്കുന്നത്. സ്വർണക്കൊള്ളയിലെ ആക്രമണത്തെ പ്രതിരോധിച്ചു വേണം എൽ.ഡി.എഫിന് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വോട്ടർമാർക്ക് മുന്നിൽ അവതരപ്പിക്കാൻ. നേട്ടങ്ങളെല്ലാം സ്വർണക്കൊള്ള ചർച്ചയിൽ അപ്രസക്തമാകാതെ ശ്രദ്ധയോടെ നീങ്ങാനാണ് സി.പി.എം തീരുമാനം. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഉയർത്തിയതും റബറിന്റെ താങ്ങുവില ഉയർത്തിയതും മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചതും എൽ.ഡി.എഫ് നേട്ടമായി അവകാശപ്പെടും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് എം.എൽ.എമാർ നടത്തിയ വികസന പ്രവർത്തനങ്ങളും ജില്ലാ പാഞ്ചായത്ത് ഭരണ നേട്ടങ്ങളും ചർച്ച ചെയ്യും. എൽ.ഡി.എഫിന്റെ മുഴുവൻ സംഘടനാ സംവിധാനവും പ്രചരണത്തിന് ഉപയോഗിച്ച് വിവാദങ്ങളെ മറികടക്കാനാണ് ശ്രമം. യു.ഡി.എഫിനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുമെതിരെ പറയാൻ എൽ.ഡി.എഫിനുമുണ്ട് ഒരുപാട് വിഷയങ്ങൾ. അതിലേറെയും കർഷകരുടെ പ്രശ്നങ്ങളാണ്.

ജില്ലയിലെ റബർ കർഷകരെ അലട്ടുന്ന മുഖ്യ വിഷയം വിലയിടിവാണ്. ഷീറ്റ് വില കിലോയ്ക്ക് നൂറ്റിയെൺപതിൽ താഴെയാണ്. താങ്ങുവില ഇരുന്നൂറ് ആക്കിയിട്ടും കർഷകർക്ക് പിടിച്ചു നിൽക്കാനാവുന്നല്ല. മഴ തുടരുന്നത് ഉത്പ്പാദനത്തിന് തിരിച്ചടിയായിട്ടുണ്ട്. റബറിന് ഇറക്കുമതി ചുങ്കം ഉയർത്തി കർഷകരെ രക്ഷിക്കണമെന്ന നിവേദനം കേന്ദ്രസർക്കാർ പരിഗണിക്കാത്തത് സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും പ്രചരണ വിഷയമാക്കും. താങ്ങുവില 200രൂപയായി ഉയർത്തിയത് തങ്ങളുടെ നേട്ടമായി എൽ.ഡി.എഫ് അവകാശപ്പെടും. റബർ കർഷകരുടെ പ്രശ്നങ്ങളുയർത്തി യു.ഡി.എഫ് ഒരു സമരമെങ്കിലും ന

ത്തിയിട്ടുണ്ടോ എന്ന് ഇടതുമുന്നണി ചോദിക്കുന്നു.

@ വന്യമൃഗ ശല്യം

വർഷങ്ങളായി പരിഹരിക്കപ്പെടാത്ത വിഷയമാണ് വന്യമൃഗശല്യം. ജില്ലയിലെ എല്ലാ വിഭാഗം കർഷകരും വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. വാഴയും തെങ്ങും കപ്പയുമൊന്നും കാട്ടുപന്നികൾ വച്ചേക്കില്ല. കുത്തിമറിച്ച് കടിച്ചിട്ടിട്ടു പോകും. കാട്ടുപന്നികൾ നെൽകൃഷികൾക്കും ഭീഷണിയാണ്. പാടങ്ങളിൽ നെല്ലുകൾ വിളയുന്ന ഘട്ടത്തിൽ പന്നികൾ കൂട്ടത്തോടെയെത്തി കുത്തിമറിയുന്നു. ഇതോടെ നെല്ലുകൾ കൊഴിഞ്ഞ് നിലംപറ്റും. ഉപദ്രവകാരികളായ കാട്ടുപന്നികളെ നശിപ്പിക്കാൻ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ആര് ചെയ്യുമെന്ന് ചോദ്യം നിലനിൽക്കുകയാണ്. ഫണ്ടില്ലെന്ന് പഞ്ചായത്തുകൾ കൈമലർത്തും. കെണിവച്ചും വിഷം വച്ചും കൊല്ലുകയെന്നതാണ് കർഷകരുടെ മുന്നിലുള്ള മാർഗം. അങ്ങനെ ചെയ്താൽ വനംകുപ്പ് കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കും. വിഷയം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രചരണായുധമാക്കുകയാണ് യു.ഡി.എഫ്. വനാതിർത്തിയിലെ ഗ്രാമങ്ങളിൽ കാട്ടാനയും ക‌ടുവയും പുലിയും ഉണ്ടാക്കുന്ന ഭീഷണിയിൽ ആളുകളെ ഭീതിയിലാക്കിയതിന് പരിഹാരമായിട്ടില്ല. മലയോര മേഖലയിലെ ജനങ്ങളിൽ ഒരു വിഭാഗം വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നാടുവിട്ടിട്ടുണ്ട്.

@ തെരുവ് നായ ശല്യം

പകൽ സമയങ്ങളിൽ കുട്ടികളടക്കമുള്ളവർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്തവിധം തെരുവ് നായ ശല്യം ഗ്രാമങ്ങളിലും നഗരങ്ങളിലും ജീവന് ഭീഷണിയായി നിൽക്കുന്നു. തെരുവ് നായ വന്ധ്യംകരണം ഫലപ്രദമായി നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിനെയും ജില്ലാ പഞ്ചായത്തിനെയും പ്രതിപക്ഷം പഴിക്കുന്നു. തെരുവ് നായയുടെ കടിയേറ്റ് സ്കൂൾ കുട്ടികളടക്കം മരണമടഞ്ഞിട്ടും അധികൃതരുടെ നിസംഗതയ്ക്ക് ജനങ്ങൾ ഇക്കുറി മറുപടി നൽകുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം എം.സി.എഫുകളിൽ കെട്ടിക്കിടക്കുന്നു. ഇത് ശേഖരിച്ചു കൊണ്ടുപോകാത്തതിനാൽ ഗ്രാമങ്ങളിൽ മാലിന്യമല ഉയർന്നിട്ടുണ്ട്. ഇവിടെ ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നതോടെ നായകളും പന്നികളും താവളമാക്കുന്നു. ജില്ലയിൽ പേവിഷ പ്രതിരോധ വാക്സിനുകൾ പല ആശുപത്രികളിലുമില്ല.

@ തകർന്ന റോഡുകൾ

ജില്ലാ പഞ്ചായത്തിന് കീഴിലുളള റോഡുകൾ പലതും പൊളിഞ്ഞു കിടക്കുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം കാരണം ജില്ലാ പഞ്ചായത്ത് പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ചതോടെയാണ് റോഡുകളുടെ അറ്റകുറ്റപ്പണികൾ മുടങ്ങിയത്. ഗ്രാമ പഞ്ചായത്തുകളിലും റോഡ് നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ലഭിച്ചിട്ടില്ല. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും ഗ്രാമ പഞ്ചായത്തു വാർഡുകളിൽ തിരഞ്ഞെടുപ്പ് വിഷയമാണ്.