രാഹുലും പെയ്തു വന്ന ശാപങ്ങളും

Thursday 27 November 2025 12:26 AM IST

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തോളിലെടുത്തുവച്ച് ആഘോഷപൂർവ്വം ജയിപ്പിച്ചെടുത്തപ്പോൾ ഒറ്റകോൺഗ്രസ് നേതാവും സ്വപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല രാഹുൽ മാങ്കൂട്ടത്തിൽ ഒരു 'രാഹു"വായി മാറുമെന്ന്. ജ്യോതിഷ പ്രകാരം രാഹുവിനെ പലപ്പോഴും ദോഷകരമായ ഫലങ്ങളുമായിട്ടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്, അലസത, കാലതാമസം, തടസങ്ങൾ തുടങ്ങിയ സ്വഭാവവിശേഷങ്ങളെയാണ് ഇത് പ്രതീകപ്പെടുത്തുന്നത്. ഇത്യാദി സ്വഭാവവിശേഷങ്ങൾ രാഹുൽ കോൺഗ്രസ് നേതാക്കളിലേക്കും പ്രസരിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് മിത്രങ്ങൾ ഇപ്പോൾ അടക്കം പറയുന്നത്.

യുവതയുടെ പ്രതീകമെന്ന നിലയ്ക്കാണ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നത്. തന്റെ പേര് പാലക്കാട് മണ്ഡലത്തിൽ ഉയർന്നു കേൾക്കുമെന്ന് വെറുതെ മോഹിച്ചിരുന്ന ഡോ.പി.സരിൻ എന്ന ഹൈടെക് നേതാവിനെ തഴഞ്ഞ് രാഹുലിനെ രംഗത്തിറക്കിയപ്പോൾ തന്നെ, സരിൻ ശാപം വല്ലാതെ പൊഴിഞ്ഞു. രാഹുലിന് വേണ്ടി വിയർപ്പൊഴുക്കിയ എല്ലാവരിലും ഈ ശാപം പതിക്കുമെന്ന് അന്നേ ജ്യോതിഷികളും പ്രവചിച്ചിരുന്നു. പ്രവചനം തെറ്റിയില്ല, ഉജ്വല വിജയത്തിന്റെ എല്ലാ പ്രതാപത്തിലും നിയമസഭയിലേക്ക് എത്തിയ രാഹുലിന് പക്ഷെ ആ തിളക്കത്തിൽ അധികകാലം നിൽക്കാനായില്ല. നാലാളുകൾ കേട്ടാൽ മൂക്കത്ത് വിരൽവച്ചു പോകുന്ന ചില കാര്യങ്ങളാണ് സമൂഹത്തിന് മുന്നിലേക്ക് എത്തിയത്. ഒരു പൊതു പ്രവർത്തകന്, പ്രത്യേകിച്ച് നിയമസഭാ സാമാജികന് ഒട്ടും ഭൂഷണമല്ലാത്ത ആക്ഷേപങ്ങളുടെ നടുവിലേക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവനേതാവ് എടുത്തെറിയപ്പെട്ടത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി ത്യജിക്കേണ്ടി വന്നു, പാർട്ടിയിൽ നിന്ന് നടപടി നേരിടേണ്ടി വന്നു. നിയമപരമായി പ്രതിക്കൂട്ടിലാക്കപ്പെട്ടില്ലെന്നതു മാത്രമാണ് രക്ഷയായത്. രാഹുലിനെതിരെ പ്രതിപക്ഷ നേതാവും മറ്റു ചില മുതിർന്ന നേതാക്കളും നിലപാട് കടുപ്പിച്ചു. നിയമസഭയിൽ തന്നെ എത്തരുതെന്ന ഉഗ്രശാസനം പ്രതിപക്ഷ നേതാവ് നൽകിയെങ്കിലും അത് വിലപ്പോയില്ലെന്ന് മാത്രം. അങ്ങനെ നിയമസഭയിൽ 'ഏക് ദിൻ കാ സുൽത്താനാ"യി സാന്നിദ്ധ്യമറിയിച്ച് മടങ്ങിയ രാഹുലിന് പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല.

പക്ഷെ രാഹുൽ മാങ്കൂട്ടത്തിൽ എന്ന ചെറുപ്പക്കാരനെ അങ്ങനെയങ്ങ് ഒറ്റപ്പെടുത്തുന്നത് നമ്മുടെ ഷാഫിപറമ്പിലിനും പി.സി.വിഷ്ണുനാഥിനുമൊന്നും അത്രയ്ക്കങ്ങു ബോധിച്ചില്ല. ഏതോ ചാനലിൽ പുട്ടിന് പീരയിടും പോലെ വരുന്ന ചില ശബ്ദരേഖകളല്ലാതെ ആരെങ്കിലും രാഹുലിനെതിരെ നിയമനടപടി സ്വീകരിച്ചോ എന്ന ചോദ്യമാണ് അവരുന്നയിച്ചത്. ഒരർത്ഥത്തിൽ അപ്പറയുന്നതിലും ചില്ലറ ന്യായമുണ്ടല്ലോ?. കാരണം പലരും ശബ്ദസന്ദേശങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തുന്നുണ്ടെങ്കിലും രേഖാമൂലം ഒരു പരാതി നൽകാൻ തയ്യാറാവുന്നില്ല. അങ്ങനെ ഒരു പരാതിയോ, കേസോ ഇല്ലാതെ നിയമസഭാ സാമാജികനായ വ്യക്തി എന്തിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കണം. പിന്നെ സംഘടനാപരമായ നടപടി എടുത്ത് അത്യാവശ്യം പാർട്ടി മുഖം രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും രാഷ്ട്രീയ നേതാവെന്ന നിലയിൽ ധാർമികതയുടെ ഒരു വിഷയം ശേഷിക്കുന്നുണ്ടെന്നത് വേറെ കാര്യം.

അങ്ങനെ അടുപ്പക്കാരുടെ പിൻബലത്തിൽ രാഹുൽ പാലക്കാട്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അദ്ദേഹത്തെ എതിർക്കുമെന്നും തടയുമെന്നുമൊക്കെ ഡി.വൈ.എഫ്.ഐയും ബി.ജെ.പിയുമൊക്കെ വീരവാദം മുഴക്കിയെങ്കിലും മറ്റുചില ചെളിക്കുണ്ടുകളിൽ പെട്ടു പോയതിനാൽ അത്തരം പരാക്രമങ്ങൾ വേണ്ടെന്ന തീരുമാനത്തിൽ അവരും എത്തി. പ്രതിപക്ഷ നേതാവൊഴികെയുള്ള കോൺഗ്രസ് നേതാക്കളും രാഹുൽ നിഗ്രഹത്തിൽ നിന്ന് തത്കാലം പിൻവാങ്ങി. മന്ത്രിസഭയിലെ സി.പി.എം പോരാട്ടവീര്യത്തിന്റെ ആൾരൂപമായ വി.ശിവൻകുട്ടി പങ്കെടുത്ത പൊതുവേദിയിലും രാഹുൽ സ്പർശമുണ്ടായി. അതിന്റെ പേരിൽ പാവം ശിവൻകുട്ടിയും കേട്ടു ചില്ലറ പഴി. ഇതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് മേളം വരുന്നത്. പാർട്ടി അച്ചടക്ക നടപടി നിൽക്കുന്നതിനാൽ മാങ്കൂട്ടത്തിലിനെ പ്രചാരണ പരിപാടികളിൽ ഔദ്യോഗികമായി പങ്കെടുപ്പിക്കാനാവില്ല. എങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണ രംഗത്ത് സ്വന്തം നിലയ്ക്ക് സജീവമായി. തന്റെ തിരഞ്ഞെടുപ്പ് കാലത്ത് കൂടെ നിന്ന് സഹായിച്ചവരെ തിരിച്ചും സഹായിക്കണ്ടേ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിലും യുക്തിയുണ്ട്. പോകെപ്പോകെ മാങ്കൂട്ടത്തിൽ ജനങ്ങൾക്ക് നടുവിൽ സജീവമായി തുടങ്ങിയതോടെ അതാ വരുന്ന അടുത്ത സംഭാഷണം. നേരത്തെ പുറത്തു വന്നതിനേക്കാൾ അല്പം കൂടി കടുപ്പം കൂട്ടിയുള്ള സംഭാഷണങ്ങളാണ് ഇക്കുറി പുറത്തുവന്നത്. പക്ഷെ അപ്പോഴും ഇതിനൊന്നും പരാതിക്കാരില്ല. ഈ ഘട്ടത്തിലാണ് കോൺഗ്രസ് നേതാക്കളും രണ്ടു ചേരിയാവുന്നത്. പ്രതിപക്ഷ നേതാവിന് പുറമെ രമേശ് ചെന്നിത്തലയും കെ.മുരളീധരനും രംഗത്തെത്തി. നടപടി നേരിടുന്ന രാഹുൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുതെന്ന അഭിപ്രായം അവർ പ്രകടിപ്പിച്ചു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിയാണെന്നും അദ്ദേഹം പ്രചാരണരംഗത്ത് കൂടുതൽ സജീവമാവണമെന്നുമാണ് മുൻ കെ.പി.സി.സി അദ്ധ്യക്ഷനും മുതിർന്ന നേതാവുമായ കെ.സുധാകരൻ പറഞ്ഞത്. ഇനി ഇതെല്ലാം ഏറ്റുപിടിച്ച് ആരെല്ലാം രംഗത്തു വരുമെന്നതും കണ്ടറിയണം.

ഇത് കോൺഗ്രസിലെ വിഷയം. പക്ഷെ അവിടം കൊണ്ടും തീരുന്നില്ല. ചലച്ചിത്ര മേഖലയിലുള്ള രണ്ട് യുവതികൾ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്തു വന്നതാണ് അടുത്ത വിഷയം. അവരെ പരിഹസിച്ച് സി.പി.എം നേതാവായ മറ്റൊരു മഹിളാ രത്നവും രംഗത്തെത്തി. ഒരു സർക്കാരുദ്യോഗസ്ഥൻ ജിവത്യാഗം ചെയ്യേണ്ടി വന്ന സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മദ്ധ്യത്തിൽ ഏറെ വിമർശനം കേൾക്കേണ്ടി വന്ന മഹിളകൂടിയാണ് അവർ. ഇതെല്ലാം കൂടിക്കുഴഞ്ഞ് അവിയൽ പരുവമാവുമ്പോഴും ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. കൃത്യമായ ഇടവേളകളിൽ മാത്രം രാഹുലിനെതിരെ ചില വെളിപ്പെടുത്തലുകൾ വരുന്നു, അശരീരിയായി വരുന്ന ഈ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ശക്തികൾ എന്തുകൊണ്ട് പരസ്യമായി രംഗത്തു വരുന്നില്ല. എന്തുകൊണ്ട് നിയമനടപടികളിലേക്ക് കടക്കുന്നില്ല. അല്ലെങ്കിൽ എന്താണ് അവരുടെ ലക്ഷ്യം. നിരപരാധിയായ ഒരു യുവ നേതാവ് , വെറുതെ ക്രൂശിക്കപ്പെട്ടാൽ അത് തീർത്തും മനുഷ്യത്വ രഹിതമാണ്. അതല്ല , ആരോപണങ്ങളിൽ പറയുന്ന കുറ്റങ്ങളും തെറ്റുകളും അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിന് മുന്നിൽ വരികയും വേണം. അല്ലാതുള്ള ഒളിച്ചു കളികൾ ആരെ സഹായിക്കാൻ.

ഇതു കൂടി കേൾക്കണേ

ഇടതു പക്ഷത്തെയും വലത് പക്ഷത്തെയും പല പ്രമുഖ നേതാക്കളും ഇത്തരത്തിൽ ആരോപണങ്ങളുടെ കുന്തമുനയിൽ പിടയുന്ന രംഗങ്ങൾ ഭൂതകാല രാഷ്ട്രീയ കേരളം കണ്ടതാണ്. ചിലതിലൊക്കെ വാസ്തവങ്ങളുണ്ടായിരുന്നു, മറ്റു ചിലതാവട്ടെ വെറും കെട്ടുകഥകളും.