തിരുവനന്തപുരം പിടിക്കും: രാജീവ് ചന്ദ്രശേഖർ

Thursday 27 November 2025 12:28 AM IST

രാജീവ് ചന്ദ്രശേഖർ ബി.ജെ.പി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് കേരളം നേരിടുന്നത്. പതിവ് രാഷ്ട്രീയ രീതിയിൽ നിന്നു മാറി കേരളത്തിൽ ബി.ജെ.പിക്ക് വേരുണ്ടാക്കാൻ യുവതയുടെ പ്രശ്‌നങ്ങൾക്കാണ് മുൻതൂക്കം. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മലയാളികൾ മറുനാട് താണ്ടാതെ കേരളം അവർക്കുള്ള അവസരമാകണം, അതാവണം പാർട്ടി അജണ്ടയെന്നു പ്രഖ്യാപിച്ചാണ് രാജീവ് പാർട്ടി ചുമതലയിലേക്കു വന്നത്. രാജീവിൽ രാജ്യത്തെ നയിക്കുന്ന പാർട്ടിയും ഏറെ പ്രതീക്ഷവയ്ക്കുന്നു. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. 'കേരളകൗമുദി"യുമായി സംസാരിച്ചപ്പോൾ.

?​ ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു...?

ചുമതലയേറ്റത് ഞാൻ മാത്രമാണ്. പാർട്ടിയെന്ന അടിത്തറ ഇവിടെ നേരത്തേയുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടാവും. അതിന്റെ ചലനങ്ങളെല്ലാം കണ്ടുതുടങ്ങിയിട്ടുണ്ട്. താഴേത്തട്ടു മുതൽ മേലേത്തട്ടുവരെ പ്രവർത്തകരും നേതാക്കളുമെല്ലാം ഇളകിയിട്ടുണ്ട്.

?​ അദ്ധ്യക്ഷന്റെ കൈയിലെ ജാലവിദ്യ...

 എന്ത് ജാലവിദ്യ?​ രാജ്യം ഭരിക്കുന്ന മോദി സർക്കാർ ജനനന്മയ്ക്കായി കാണിക്കുന്ന കരുതലും ഉത്തരവാദിത്വവുമാണ് തിരഞ്ഞെടുപ്പിലെ ഹൈലൈറ്റ്. കേരളം ഭരിക്കുന്ന, ഭരിച്ച സർക്കാരുകൾ ഇക്കാലമത്രയും കേന്ദ്രനേട്ടം വിറ്റാണ് ഭരിക്കുന്നത്. ഒന്നും തരുന്നില്ലെന്ന് വിമർശിക്കുമ്പോൾ കിട്ടിയതിന്റെ കണക്ക് അവർ പറയട്ടെ. കേരളം ഇന്നു കാണുന്ന റോഡ് വികസനങ്ങളും റെയിൽവേ വികസനവുമൊക്കെ ആരുടേതാണ്. സത്യം പറഞ്ഞാൽ വോട്ട് പോകുമെന്നല്ലേ അവരുടെ പേടി?​ പക്ഷെ ജനം അത് തരിച്ചറിയുന്നുണ്ട്.

?​ ബി.ജെ.പി വർഗീയ കക്ഷിയാണെന്ന് ഇരുമുന്നണികളും ആവർത്തിക്കുന്നു...

 ബി.ജെ.പിയെ വർഗീയകക്ഷിയെന്നു പറഞ്ഞ് സൈഡ് ലൈൻ ചെയ്യരുത്. രാജ്യത്തെ,​ വിശേഷിച്ച് കേരളത്തിലെ ഇസ്ലാം മതവിഭാഗത്തെ വർഗീയത പറഞ്ഞ് ബി.ജെ.പി ഒരിടത്തും മാറ്റിനിറുത്തിയിട്ടില്ല. എ.പി.ജെ അബ്ദുൾകലാമിനെ രാഷ്ട്രപതിയാക്കിയ പാർട്ടിയാണ് ബി.ജെ.പി. പിന്നെ ജമാ-അത്തെ ഇസ്ലാമി-സോളിഡാരിറ്റി പോലുള്ളവരെ വർഗീയ കക്ഷി എന്നുതന്നെ വിളിക്കും. ബി.ജെ.പി. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള പാർട്ടിയാണ്. അത് ഒരു സമുദായത്തിനും മതത്തിനും എതിരല്ല. അങ്ങനെ സോപ്പിട്ട് ഒരുപാട് കാലം കേരളം വാഴാമെന്ന് ആരും കരുതേണ്ട.

?​ സംസ്ഥാനത്ത് ചിലയിടങ്ങളിൽ എതിരില്ലാതെയാണ് സി.പി.എം ജയിച്ചിരിക്കുന്നത്.

 സി.പി.എമ്മിന്റെ ഈ പരിപാടി ഇനി ഒരു തിരഞ്ഞെടുപ്പിലും നടക്കില്ല. എതിർകക്ഷികളായ പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അത് ഇനി എല്ലാ അർത്ഥത്തിലും തടയും.

?​ ഇത്തവണ വലിയ പ്രതീക്ഷയാണല്ലോ തിരുവനന്തപുരത്ത്.

 ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിൽ വരും. കഴിഞ്ഞ കാലങ്ങളിൽ ബദ്ധവൈരികൾ എന്നുപറയുന്ന എൽ.ഡി.എഫും യു.ഡി.എഫും കാലുവാരിയതാണ്. ലോക്‌സഭയിൽ എന്നെ തോല്പിക്കാൻ ശശി തരൂരിന് വോട്ട് മറിച്ചത് സി.പി.എമ്മാണ്. ഇത്തവണ അത് നടക്കില്ല.

?​ കേരളത്തിൽ ബി.ജെ.പിയെ മുന്നിലെത്തിക്കാനുള്ള പദ്ധതികൾ.

 ആര് ഭരിച്ചാലും ഒരോ അഞ്ചുവർഷവും വികസന പ്രവർത്തനം സംബന്ധിച്ച വിശാലമായ റിപ്പോർട്ട് പുറത്തിറക്കും. മാത്രമല്ല,​ തദ്ദേശ സ്ഥാപനങ്ങൾ മുതൽ സംസ്ഥാന ഭരണം വരെ ഒരോവർഷവും പാർട്ടി അതതിടത്തെ വികസനപ്രവർത്തനങ്ങളും പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കിയ പദ്ധതികളും സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽവയ്ക്കും. അഴിമതിരഹിത കേരളം, വികസിത കേരളം എന്നതാണ് ലക്ഷ്യം.