ഗ്രാമീണ വിപണിയിൽ വ്യാജ വെളിച്ചെണ്ണ സുലഭം

Thursday 27 November 2025 1:44 AM IST

ബാലരാമപുരം: ഗ്രാമീണ മേഖലയിലെ വിപണിയിൽ വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ സുലഭമായിട്ടും നടപടിയെടുക്കാതെ ആരോഗ്യഭക്ഷ്യസുരക്ഷാ വകുപ്പ്. പലചരക്ക് വ്യാപരകേന്ദ്രങ്ങളിലും മാർജിൻ ഫ്രീ മാർക്കറ്റുകളിലുമെല്ലാം അന്തർ സംസ്ഥാന ബ്രാൻഡുകളായ വെളിച്ചെണ്ണയാണ് വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നത്. തട്ടുകടകളിലും ബേക്കിംഗ് ഹൗസുകളിലുമെല്ലാം വ്യാജ എണ്ണകളുടെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വെളിച്ചെണ്ണയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വ്യാജ എണ്ണലോബികൾക്കെതിരെ സർക്കാർ കർശ്ശന നടപടി സ്വീകരിക്കാതെ പൊജുജനാരോഗ്യ സംവിധാനത്തെ തകർക്കുകയാണെന്നും ആക്ഷേപമുയരുന്നു.ബേക്കറികളിൽ നിന്ന് വാങ്ങുന്ന എണ്ണ ചേർത്ത ഉത്പന്നങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശുദ്ധമായ വെളിച്ചെണ്ണയിൽ മറ്റ് ഭക്ഷ്യഎണ്ണകൾ കലർത്തി നിർമ്മിക്കുന്ന ബ്ലെൻഡഡ് വെളിച്ചെണ്ണ ബ്രാൻഡുകൾ റീട്ടെയിൽ ഹോൾസെയിൽ വിപണികളിൽ ലഭ്യമാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് ഹോൾ സെയിൽ വിപണിയിൽ 400 രൂപയും റീട്ടെയിൽ ഔട്ട് ലെറ്റുകളിൽ 440 നും മുകളിലാണ് വില. എന്നാൽ ബ്ലെൻഡഡ് വകഭേദത്തിൽപ്പെട്ടവക്ക് 100 രൂപ കുറവും. ഉയർന്ന തോതിൽ വിറ്റഴിക്കപ്പെടുന്നത് ഇത്തരത്തിലുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അംഗീകാരമില്ലാത്തെ എണ്ണകളാണ്.

ഒരു കിലോ വെളിച്ചെണ്ണ ഹോൾ സെയിൽ വിപണിയിൽ 400രൂപ

റീട്ടെയിൽ 440രൂപ

(ബ്ലെൻഡഡ് വെളിച്ചെണ്ണയ്ക്ക് 100രൂപ കുറവ്)

മാരക രോഗങ്ങൾക്ക് സാദ്ധ്യത ചേർക്കപ്പെടുന്ന മിശ്രിതങ്ങളിലെ എല്ലാ ചേരുവകളും ലേബലിൽ വ്യക്തമായി പട്ടികപ്പെടുത്തണമെന്നാണ് നിയമപരമായ മുന്നറിയിപ്പെങ്കിലും ഇതൊന്നുമില്ലാതെയാണ് വ്യാജൻമാർ ഇറങ്ങിയിരിക്കുന്നത്. ആമാശയ ക്യാൻസർ പോലുള്ള മാരകരോഗങ്ങളാണ് ഇതുമൂലമുണ്ടാകുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാവകുപ്പ്

കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ബേക്കറി സ്ഥാപനങ്ങളിലെ ബേക്കിംഗ് ഹൗസുകളിൽ നിന്നും വ്യാജ എണ്ണകൾ പിടികൂ​ടി പരിശോധനക്കയച്ചിരുന്നു. പതഞ്ഞുപൊങ്ങുന്ന എണ്ണകളിൽ മിശ്രിതങ്ങൾ ചേർത്താണ് ബ്ലെൻഡഡ് ലേബലിലെത്തുന്നത്. തിരുവനന്തപുരം ഫുഡ് ലാബിലേക്ക് അയക്കുമെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് ഫലം വരുന്നത്. ഈ ഇടവേളയിൽ കടകൾക്ക് നോട്ടീസ് നൽകി പിഴ ചുമത്തി വീണ്ടും പ്രവർത്തനാനുമതി നൽകും.

ലേബൽ പതിപ്പിക്കാത്ത മിൽ വെളിച്ചെണ്ണ

​ഈ വർഷം ജനുവരിയിൽ വെളിച്ചെണ്ണ വില 210 രൂപയായിരുന്നു. എന്നാൽ 400രൂപവരെ കടന്ന് വില കുതിച്ചുയരുകയാണ്. ചക്ക് വെളിച്ചെണ്ണ, ലേബൽ പതിപ്പിക്കാത്ത മിൽ വെളിച്ചെണ്ണ എന്ന് പരസ്യപ്പെടുത്തി വ്യാജഎണ്ണകൾ വലിയതോതിലാണ് വിറ്റഴിക്കപ്പെടുന്നത്. ഫുട് സേഫ്റ്റി ഉദ്യോഗസ്ഥരെ പരാതി അറിയിച്ചാൽ പരിശോധനയുടെ ഭാഗമായി മാത്രമേ കടകളിലെത്തി നിയമനടപടി സ്വീകരിക്കാൻ പറ്റുകയുള്ളൂവെന്നാണ് പറയുന്നത്. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ഫുട് സേഫ്ടി വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിശോധനകൾ നാമമാത്രമാണ്. പഞ്ചായത്ത് തലത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.