എലമ്പ്രയിൽ സ്‌കൂൾ വരട്ടെ
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്ററിനുള്ളിൽ സർക്കാർ എൽ.പി സ്കൂളും മൂന്ന് കിലോമീറ്റർ പരിധിയിൽ യു.പി സ്‌കൂളുകളും സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. കേരളം ചോദിച്ചുവാങ്ങിയ ഒരു തിരിച്ചടിയാണിത്. മഞ്ചേരി ജില്ലയിലെ എലമ്പ്രയിൽ ഒരു എൽ.പി സ്‌കൂൾ സ്ഥാപിക്കണമെന്ന ആവശ്യം ആദ്യമായി നാട്ടുകാർ ഉന്നയിച്ചത് 1985-ലാണ്. തുടർന്ന് സർക്കാർ എൽ.പി സ്‌കൂളിനായി നാട്ടുകാർ പിരിവെടുത്ത് ഒരേക്കർ ഭൂമി വാങ്ങി. കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് മഞ്ചേരി നഗരസഭയും അറിയിച്ചു. എന്നിട്ടും സർക്കാർ സ്‌കൂൾ അനുവദിച്ചില്ല. ഏതാവശ്യവും നിഷേധിക്കുന്നതാണ് 'ശരിയായ" ഭരണ നടപടി എന്നു കരുതിയിരുന്ന വിദ്യാഭ്യാസ വകുപ്പിലെ ഏതോ ഉദ്യോഗസ്ഥനാവും ആദ്യം ഇതിന് എതിരുനിന്നിട്ടുണ്ടാവുക! നാട്ടുകാർ സ്ഥലം നൽകുകയും നഗരസഭ കെട്ടിടം നിർമ്മിച്ചു നൽകുകയും ചെയ്യുമ്പോൾ വിദ്യാഭ്യാസ വകുപ്പിന് വലിയ ചെലവൊന്നും വരുന്നില്ല. എൽ.പി സ്‌കൂൾ ആയതിനാൽ അധികം അദ്ധ്യാപകരും വേണ്ട.
എന്നാൽ അനങ്ങാപ്പാറ നയം തുടരുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. പിന്നീട് ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും നാട്ടുകാർ പരാതി നൽകി. എന്നിട്ടും ഒന്നും നടന്നില്ല. തുടർന്ന് മുഹമ്മദ് ഫൈസി എന്ന പൊതുപ്രവർത്തകൻ ഇക്കാര്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് തേടി. ഏലാമ്പ്രയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ.പി സ്‌കൂളില്ലെന്ന് ഡി.ഇ.ഒ റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഒരു പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ.പി സ്‌കൂൾ സ്ഥാപിക്കണമെന്നാണ് ചട്ടം. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ടിന്റെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും അടിസ്ഥാനത്തിൽ ഏലാമ്പ്രയിൽ സ്കൂൾ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നിട്ടും അത് അനുസരിക്കാൻ തയ്യാറാകാതെ വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകുകയാണ് സർക്കാർ ചെയ്തത്.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്താൻ സർക്കാർ ചെലവഴിച്ച തുകയുടെ പത്തിലൊരംശം വേണ്ടായിരുന്നു ഏലാമ്പ്രയിൽ സ്‌കൂൾ തുടങ്ങാൻ. ഇത്രയും പൈസ മുടക്കി സുപ്രീംകോടതിയിൽ പോയപ്പോഴോ, കിട്ടിയത് കണക്കിന് ശകാരവും. 'അടി കിട്ടിയോ" എന്ന് ചോദിച്ചപ്പോൾ 'ഇല്ല, ചോദിച്ചു വാങ്ങി" എന്ന് പറഞ്ഞപോലെ ആയിപ്പോയി ഇത്. നൂറുശതമാനം സാക്ഷരതയുള്ള കേരളം പോലുള്ള സംസ്ഥാനം വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്തതിൽ അത്ഭുതം തോന്നുന്നതായി കുറ്റപ്പെടുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേരളത്തിൽ ഒരു കിലോമീറ്ററിൽ എൽ.പി സ്കൂളും മൂന്ന് കിലോമീറ്ററിൽ യു.പി സ്‌കൂളും സ്ഥാപിക്കാൻ ആറുമാസത്തിനകം നടപടിയെടുക്കണമെന്ന് വിധിച്ചത്. ഫണ്ടില്ലെന്നു പറഞ്ഞോ കേരള വിദ്യാഭ്യാസ ചട്ടം ചൂണ്ടിക്കാട്ടിയോ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ചവരുത്താൻ സർക്കാരിനാവില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മഞ്ചേരി എലമ്പ്രയിൽ സർക്കാർ എൽ.പി സ്‌കൂൾ സ്ഥാപിക്കുന്നതിനു പകരം മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള സ്‌കൂളിൽ ബസിൽ കുട്ടികളെ സർക്കാർ ചെലവിൽ കൊണ്ടുപോകാമെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. ബസിൽ കുട്ടികളെ സ്‌കൂളിൽ എത്തിക്കാനല്ല, ഒരു കിലോമീറ്റർ പരിധിയിൽ സ്‌കൂൾ സ്ഥാപിക്കാനാണ് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ഈ വിധി എയ്‌ഡഡ് മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബാധകമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇത്തരം നിസ്സാരമായ കാര്യത്തിന് സുപ്രീംകോടതി വരെ കേസ് പറയാൻ പോകാതിരിക്കാനുള്ള വിവേകമാണ് പൊതുവിദ്യാഭ്യാസ വകുപ്പും സർക്കാരും ഇനിയെങ്കിലും കാണിക്കേണ്ടത്.