രാഹുലിനെ കെപിസിസി സസ്പെൻഡ് ചെയ്തതാണ്, കെ സുധാകരൻ അടക്കം ചേർന്നെടുത്ത തീരുമാനം : രമേശ് ചെന്നിത്തല

Wednesday 26 November 2025 7:49 PM IST

തിരുവനന്തപുരം : ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാട് തള്ളി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ കെ.പി.സി.സി പ്രസിഡന്റ് സസ്പെൻഡ് ചെയ്തതാണ്. കെ. സുധാകരൻ അടക്കം എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണിതെന്നും ചെന്നിത്തല പറഞ്ഞു.

പാർട്ടിയുടെ നടപടി നേരിടുന്ന വ്യക്തി എങ്ങനെ പരിപാടിയിൽ പങ്കെടുത്തു എന്നറിയില്ല. ഇക്കാര്യം പരിശോധിക്കേണ്ടത് കെ.പി.സി.സി ആണ്. രാഹുൽ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെ.പി.സി.സി ആണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. രാഹുലിന്റേതായി പുറത്തുവന്ന ഓഡിയോ സന്ദേശം കേട്ടിട്ടില്ല. കേൾക്കേണ്ട ഏർപ്പാട് ഒന്നുമല്ലല്ലോ അതെന്നും ചെന്നിത്തല പറഞ്ഞു. ഓഡിയോ സന്ദേശത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കോൺഗ്രസ് നടപടി എടുത്തെന്നും ശബരിമല വിഷയത്തിൽ പത്മകുമാറിനും എൻ,. വാസുവിനും എതിരെ സി.പി.എം നടപടി എടുക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ വിജയം നേടുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിയാണെന്നും രാഹുൽ സജീവമാകണമെന്നും സുധാകരൻ നേരത്ത പറഞ്ഞിരുന്നു. കോൺഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല,​ രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി വേദി പങ്കിടാൻ മടിയില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.