ആഖ്യാനങ്ങളുടെ ചക്രവ്യൂഹം
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ... എന്ന് പണ്ട് എഴുതിയത് പൂന്താനമാണ്. 'ജ്ഞാനപ്പാന"യിൽ. സമകാലിക സംഭവവികാസങ്ങൾ വീക്ഷിക്കുമ്പോൾ ചിലപ്പോൾ തോന്നിപ്പോകും, സത്യാനന്തര യുഗത്തിൽ മാദ്ധ്യമങ്ങളാണ് ഒരുത്തനെ തണ്ടിലേറ്റുന്നതും, മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതുമെന്ന്! Media make and mar individuals എന്നാണ് പറയാറുള്ളത്. വ്യക്തികളെ മാത്രമല്ല, സ്ഥാപനങ്ങളെയും സംഘടനകളെയും വരെ വളർത്താനും തളർത്താനും കഴിവുള്ള മാദ്ധ്യമ ഭീകരന്റെ കഥയാണ് ഇർവിങ് വാലസിന്റ The Almighty എന്ന കൃതി. സാക്ഷാൽ ഭാഗവാൻ പോലും നിസംഗനായി നോക്കിനിൽക്കാറേയുള്ളൂ,
അത്തരം ദുരവസ്ഥയിൽ. പല മേഖലകളിലും പ്രവർത്തിക്കുന്ന വലിയവർക്കും ചെറിയവർക്കും ഈ 'മാദ്ധ്യമാപഹാരം" മൂലമുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരാറുണ്ട്. കുപ്രസിദ്ധമായ ഐ.എസ്.ആർ.ഒ ചാരക്കേസിൽപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഇത്തരത്തിൽ മാദ്ധ്യമവേട്ടയുടെ ഇരകളിൽ ഒരാളാണത്രെ. ഏറ്റവും അധികം മാദ്ധ്യമവേട്ട നേരിട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് നരേന്ദ്ര മോദിജി.
മാദ്ധ്യമ (ദുർ)വ്യാഖ്യാനങ്ങളുടെ ചക്രവ്യൂഹത്തിൽ പെട്ടുപോയിരുന്നു, താനെന്ന് കഴിഞ്ഞ ദിവസം മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ വെളിപ്പെടുത്തി. അർഹമായ പ്രാധാന്യമോ പരിഗണയോ ആ പ്രസ്താവനയ്ക്ക് മാദ്ധ്യമങ്ങൾ നൽകിക്കണ്ടില്ല, മാദ്ധ്യമങ്ങളെ ഉൾപ്പെടെ ആരെയും അദ്ദേഹം കുറ്റപ്പെടുത്തിയില്ലെങ്കിൽപ്പോലും വളരെയേറെ ചർച്ച ചെയ്യപ്പെടേണ്ടാതായിരുന്നു ധൻകർജിയുടെ ശ്രദ്ധേയമായ വാക്കുകൾ. സമുന്നത രാഷ്ട്രീയ നേതാക്കളിലും രാജ്യതന്ത്രജ്ഞരിലും ഒരാൾ, മുൻ ഗവർണർ, രാജ്യസഭയുടെ മുൻ അദ്ധ്യക്ഷൻ. മുൻ ഉപരാഷ്ട്രപതി... ഇവയൊക്കെയാണ് ജഗ്‌ദീപ് ധൻകർ. അതിശയങ്ങൾ അനവധി കാഴ്ച വച്ച വ്യക്തിയാണ് അദ്ദേഹം.
ഒരുവശത്ത് ആവേശവും മറുവശത്ത് ആശങ്കയും ഉയർത്തുന്നതായിരുന്നു പശ്ചിമ ബംഗാൾ ഗവർണർ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭവബഹുലമായ മൂന്ന് വർഷങ്ങൾ. മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ധൻകറുമായുള്ള പൊരിഞ്ഞ പോരിനാണ് പശ്ചിമ ബംഗാൾ അന്ന് സാക്ഷ്യം വഹിച്ചത്. പിന്നീട് ധൻകർജി ഭാരതത്തിന്റെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. എഴുപത്തഞ്ചു ശതമാനം വോട്ട് നേടി വിജയിച്ച അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഏറ്റവും ഉയർന്നതാണ്. പാർലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ധൻകർജിയുടെ ആദ്യ പ്രസംഗം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടന്ന അവസാന പരിപാടിയാണ് എന്നതും ശ്രദ്ധേയം. സഭാനടപടികൾ പിന്നീട് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുകയായിരുന്നു.
അതിശയിപ്പിക്കുന്നതായിരുന്നു രാജ്യസഭാ അദ്ധ്യക്ഷൻ എന്ന നിലയിലുള്ള ധൻകറുടെ പ്രവർത്തനവും. അതിരുകൾ ലംഘിക്കുന്നതായി അദ്ദേഹത്തിനെതിരെ പ്രതിപക്ഷം നിരന്തരം പരാതിപ്പെട്ടുകൊണ്ടിരുന്നു. പലപ്പോഴും സഭ സംഘർഷഭരിതമായി. രാജ്യസഭയിൽ അദ്ധ്യക്ഷൻ ധൻകർക്കെതിരെ ആവിശ്വാസപ്രമേയത്തിലേക്കു വരെ പ്രതിപക്ഷം നീങ്ങി. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു നീക്കം. പ്രതിപക്ഷത്തെ വിമർശനത്തിന്റെ മുൾമുനയിൽ നിറുത്താൻ സഭാദ്ധ്യക്ഷൻ മടിച്ചിരുന്നില്ല.
സഭയിൽ സർക്കാരിന്റെ വക്താവിനെപ്പോലെ ധൻകർ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു എന്നതായിരുന്നു പ്രതിപക്ഷ കക്ഷി നേതാക്കളുടെ പരാതി. എന്നാൽ അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ ഭരണപക്ഷത്തിനു പോലും ഇടയ്ക്കൊക്കെ ബുദ്ധിമുട്ടുണ്ടാക്കി. പരമോന്നത നീതിപീഠത്തെയും അദ്ദേഹം വെറുതെ വിട്ടില്ല. പെട്ടെന്ന് പ്രകോപിതനാവുക പരമശുദ്ധനായ ധൻകർജിയുടെ സ്വഭാവ വിശേഷമോ വൈകല്യമോ ആയിരുന്നു.
ഏവരെയും പതിവായി അതിശയിപ്പിച്ചുകൊണ്ടുള്ള ജഗ്‌ദീപ് ധൻകറുടെ പ്രവർത്തനത്തിന്റെ പരമകാഷ്ഠ, പക്ഷെ, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. പൊടുന്നനെയാണ് അദ്ദേഹം ഉപരാഷ്ട്രപതി പദം രാജി വച്ചത്. പ്രത്യേകിച്ച് പ്രകോപനമൊന്നും പ്രകടമായിരുന്നില്ല. രാജ്യസഭയുടെ ശരത്കാല സമ്മേളനത്തിനിടയിലെ ഒരു സാധാരണ ദിവസം - ഇക്കഴിഞ്ഞ ജൂലായ് ഇരുപത്തൊന്നിന്. സഭ നിയന്ത്രിച്ച ധൻകറും പ്രതിപക്ഷ നേതാവ് ഖാർഗെയും തമ്മിൽ പതിവുപോലെ ഒന്നിടഞ്ഞുവെന്നു മാത്രം. സഭ പിരിയുന്നതിന് അല്പം മുമ്പായിരുന്നു അത്. പക്ഷെ സഭാദ്ധ്യക്ഷൻ ഒട്ടും പ്രകോപിതനായിരുന്നില്ല.
അന്നു വൈകിട്ട് ആറുമണിയോടെ രാഷ്ട്രപതിയെ കണ്ട് ഉപരാഷ്ട്രപതിപദം ജഗ്‌ദീപ് ധൻകർ രാജിവച്ചു എന്ന ഞെട്ടിക്കുന്ന വാർത്ത പരന്നു. 'ആരോഗ്യപരമായ കാരണങ്ങളാൽ" ആയിരുന്നു രാജി എന്നു മാത്രമേ രാഷ്ട്രപതിക്കുള്ള കത്തിൽ പറഞ്ഞിരുന്നുള്ളൂ. ധൻകർ വാർത്തകളിൽ നിറഞ്ഞു. പിന്നെയങ്ങോട്ട് പലതരം ആഖ്യാനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പെരുമഴയായി. രാജിവച്ച ധൻകർ വീട്ടുതടങ്കലിൽ എന്നുവരെ പ്രചാരണമുണ്ടായി. അദ്ദേഹത്തിന്റെ ജീവിതത്തിനുതന്നെ ഭീഷണിയുണ്ടെന്നായി, പ്രതിപക്ഷ ഭാഷ്യം. ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഇരയായി ധൻകർ ചിത്രീകരിക്കപ്പെട്ടു. ആരുമായും ബന്ധപ്പെടാനോ ഒരു വാക്കുപോലും ഉരിയാടാനോ കൂട്ടാക്കാത്ത അദ്ദേഹത്തിന്റെ നിലപാട് ഊഹാപോഹങ്ങൾക്ക് വളമിട്ടു.
വാചാലമെന്ന് വിശേഷിപ്പിക്കപ്പെട്ട ധൻകറുടെ മൗനം നീണ്ട നാലുമാസത്തോളം തുടർന്നു. ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും മാറി മാറി നൽകി ഒരു വിഭാഗം മാദ്ധ്യമങ്ങളും അവയുടെ രാഷ്ട്രീയ നിരീക്ഷകരും ധൻകർജിയുടെ രാജിയും തുടർന്നുള്ള മൗനവും ആഘോഷിച്ചെങ്കിലും അദ്ദേഹം അനങ്ങിയില്ല. എന്നാൽ കഴിഞ്ഞയാഴ്ച മുൻ ഉപരാഷ്ട്രപതി മൗനവ്രതം ലംഘിച്ചു. അതിന് അദ്ദേഹം തിരഞ്ഞെടുത്തത് ഒരു ആർ.എസ്.എസ് വേദി. തന്റെ മുൻഗാമി വെങ്കയ്യാജിയെപ്പോലെയോ പിൻഗാമി രാധാകൃഷ്ണൻജിയെ പോലെയോ, ധൻകർക്ക് ആർ.എസ്.എസ് പശ്ചാത്തലം തെല്ലുമില്ല. ബിജെപിയിൽത്തന്നെ അദ്ദേഹം എത്തുന്നത് രണ്ടു പതിറ്റാണ്ട് മുമ്പു മാത്രം.
കോൺഗ്രസിൽ നിന്നാണ് ധൻകർ ബി.ജെ.പിയിൽ എത്തുന്നത്. ജനതാദളിൽ നിന്ന് കോൺഗ്രസിലും. ഇന്ന് അദ്ദേഹം നിലപാടിലും കാഴ്ചപ്പാടിലും കടുത്ത ഹിന്ദുത്വവാദിയാണ്. ഭോപ്പാലിൽ ധൻകർ എത്തിയത് ആർ.എസ്.എസ് പ്രചാരണ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന, ഏറ്റവും മുതിർന്ന സംഘ പ്രചാരകന്മാരിൽ ഒരാളായ മൻമോഹൻ വൈദ്യയുടെ പുസ്തകം പ്രകാശനം ചെയ്യാനായിരുന്നു. പുസ്തകം ആർ. എസ്.എസ് ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്. ധൻകർജിയുടെ പ്രസംഗം പൂർണമായും ആർ. എസ്.എസിനെ പ്രകീർത്തിക്കുന്നതും.
ഉപരാഷ്ട്രപതി പദത്തിൽ നിന്നുള്ള രാജിക്കു ശേഷമുള്ള തന്റെ ആദ്യപരിപാടിയും ആദ്യ പ്രസംഗവും വഴി ധൻകർജി പലരെയും ഒരിക്കൽക്കൂടി അതിശയിപ്പിച്ചു. അദ്ദേഹം പറഞ്ഞുവച്ചത്, താനും 'ആഖ്യാനങ്ങളുടെ ചക്രവ്യൂഹത്തിൽ പെട്ടുപോയി" എന്നാണ്." അതിൽ നിന്ന് പുറത്തുകടക്കുക വളരെ പ്രയാസമാണ്. ആരും ഇങ്ങനെ 'ആഖ്യാനങ്ങളുടെ ചക്രവ്യൂഹത്തിൽപ്പെടാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന" എന്ന് ധൻകർ അർഥശങ്കയ്ക്ക് ഇട നൽകാതെ വിളിച്ചുപറഞ്ഞു. ഈയുള്ളവന്റെയും പ്രാർഥന അതുതന്നെ.