അവസാനിക്കുന്ന നക്സലിസം

Thursday 27 November 2025 12:57 AM IST

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി തുടർന്നുവന്ന നക്‌സലിസവും മാവോയിസവും അവസാനിക്കുന്നതിന്റെ മണിമുഴക്കം കേട്ടുതുടങ്ങിയിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള രാഷ്ട്രവിരുദ്ധ ശക്തികളുമായി സജീവ ബന്ധം പുലർത്തിയിരുന്ന ഈ സായുധ സംഘടനകൾ തോക്കിൻ കുഴലിലൂടെ വിപ്ളവം നേടിയെടുക്കാനായി ചൊരിഞ്ഞ ചോരയ്ക്ക് അളവില്ല. എന്നാൽ അവർ വീഴ്‌ത്തിയ ഓരോ തുള്ളി ചോരയും ഇന്ത്യൻ സാഹചര്യത്തിൽ അവരെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുകയല്ല,​ കാതങ്ങൾ പിറകോട്ട് അകറ്റുകയാണ് ചെയ്തത്. അറുപതുകളുടെ അവസാനം പശ്ചിമബംഗാളിലെ നക്‌സൽബാരി എന്ന ഗ്രാമത്തിൽ സംഘടിപ്പിച്ച അക്രമാസക്തമായ വിപ്ളവപ്രക്ഷോഭത്തോടെയാണ് ഇന്ത്യയിൽ നക്‌സലിസത്തിന് തുടക്കമായത്.

ചൈനയിലെ മാവോസെതുംഗിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ചാരു മജുംദാർ നക്‌സൽബാരിയിലെ ജന്മികൾക്കും ഉപരിവർഗത്തിനും ഭരണകൂടത്തിനും എതിരെ പോരാടാൻ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരോട് ആഹ്വാനം ചെയ്യുകയായിരുന്നു. അവരുടെ ലക്ഷ്യം നീതീകരിക്കത്തക്കതായിരുന്നെങ്കിലും മാർഗം അക്രമത്തിന്റെയും ചോരയുടെയും തോക്കിന്റേതുമായിരുന്നു. നിലവിലുള്ള വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ആശയം സ്വത്വബോധമായി കൊണ്ടുനടന്നിരുന്ന,​ ബുദ്ധിമാന്മാരും അർപ്പണബോധമുള്ളവരുമായ ഒരു വലിയ സംഘം ചെറുപ്പക്കാർ ഇതിലേക്ക് ആകർഷിക്കപ്പെട്ടു. ഇന്ത്യയുടെ പൊതുസംസ്കാരം സമാധാനത്തിനും ശാന്തിയിലും അധിഷ്ഠിതമാണ്. മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിലൂടെ ഒന്നുകൂടി ഉറപ്പിച്ചത് അഹിംസയുടെയും ത്യാഗത്തിന്റെയും ഈ സംസ്കാരമാണ്.

ഭാരതത്തിന്റെ ആ മണ്ണിൽ വിപ്ളവത്തിന്റെയും അക്രമത്തിന്റെയും വിത്തുകൾ മുളച്ച് പടർന്നുപന്തലിച്ച് വളരില്ലെന്നത് ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥിതിയുടെ രൂപഘടനയെക്കുറിച്ച് ബോധമുള്ള ആർക്കും പ്രവചിക്കാനാവുന്നതായിരുന്നു. അതു തന്നെയാണ് ഒടുവിൽ മാവോയിസത്തിന് ഇന്ത്യയിൽ സംഭവിച്ചതും! ഒരു കാലഘട്ടത്തിൽ ഇന്ത്യയിലെ നൂറോളം ജില്ലകൾ നക്‌സൽ ഭീഷണിയിലായിരുന്നു. അത്യാധുനിക ആയുധങ്ങൾ പോലും കൈമുതലായുണ്ടായിരുന്ന വിവിധ സംഘങ്ങളാണ് ഇന്ത്യയുടെ പത്തോളം സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ കാലക്രമേണ ഇവരുടെ ശക്തി ക്ഷയിക്കാൻ ഇവർക്കിടയിൽത്തന്നെയുണ്ടായ ശൈഥില്യങ്ങൾ ഇടയാക്കി. 2010-ൽ 96 ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നത് 2021-ൽ 41 ജില്ലകളിലായി ചുരുങ്ങി. ഇപ്പോൾ 28 ജില്ലകളിൽ മാത്രമാണ് നേരിയ തോതിൽ മാവോയിസ്റ്റ് ഭീഷണിയുള്ളത്.

ഇതിൽ ഛത്തീസ്‌ഗഡ് സംസ്ഥാനമാണ് മുന്നിൽ. കേരളത്തിൽ വയനാട്, കണ്ണൂർ ജില്ലകൾ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നവയാണ്. 2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയതോടെ മാവോയിസ്റ്റുകൾക്കെതിരെ 'സീറോ ടോളറൻസ് പോളിസി" നടപ്പാക്കുകയും നക്‌സൽവേട്ട പരിഷ്കരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി പ്രത്യേക ദൗത്യസംഘങ്ങൾ രൂപീകരിക്കുകയും ചെയ്തതോടെ ആയുധം താഴെവയ്ക്കുകയല്ലാതെ അവർക്ക് പോംവഴിയില്ലാതായി.

കീഴടങ്ങാൻ 2026 ഫെബ്രുവരി 15 വരെ സമയം വേണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര സർക്കാരിനും ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കും കത്ത് നല്കിയിരിക്കുകയാണ്.

സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നെന്നും മാവോയിസ്റ്റ് വക്താവ് അനന്ത് നൽകിയ കത്തിൽ പറയുന്നു. മാവോയിസ്റ്റുകൾ പൂർണമായും ആയുധം ഉപേക്ഷിച്ചാൽ കേന്ദ്രം അനുകൂല നിലപാടാവും സ്വീകരിക്കുക. ദശാബ്ദങ്ങൾ ചോര ചിന്തിയ ഒരു പ്രസ്ഥാനം ഒന്നും നേടാതെ ഇന്ത്യൻ മണ്ണിൽ അവസാനിക്കുകയാണ്.