വിവാദങ്ങൾക്കിടെ പ്രൊഫ വിജയകുമാരിക്ക് പുതിയ പദവി, നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്കൃത പിഎച്ച്.ഡി വിവാദത്തിനിടെ വകുപ്പ് മേധാവിയും ഓറിയന്റൽ സ്റ്റഡീസ് ഡീനുമായ പ്രൊഫ.സി.എൻ വിജയകുമാരിയെ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പരമോന്നത സമിതിയായ കോർട്ടിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു. മൂന്നു വർഷത്തേക്കാണ് നിയമനം. കേരള സർവകലാശാലയിൽ നിന്ന് ആദ്യമായാണ് ഒരു അദ്ധ്യാപികയെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്.
ഗവേഷക വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുൻകൂർ ജാമ്യം തേടി വിജയകുമാരി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പുതിയ പദവി. കേരള സർവകലാശാലയിലും വിജയകുമാരിക്ക് ഡീൻ പദവിയിൽ തുടരാനാവും.
അതേസമയം പ്രൊഫ. സി.എൻ. വിജയകുമാരിയെ കാര്യവട്ടം ക്യാമ്പസിലെ ഓഫീസിനു മുന്നിൽ വിദ്യാർത്ഥികൾ ഒരു മണിക്കൂർ ഉപരോധിച്ചു. ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനോട് ജാതി അധിക്ഷേപം കാട്ടിയെന്ന പരാതിയെത്തുടർന്നായിരുന്നു പ്രതിഷേധം. ഓപ്പൺ ഡിഫൻസ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വി.സിക്ക് ഡീൻ കത്ത് നൽകിയതാണ് വിവാദമായത്. കത്ത് സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്. വിപിൻ ഒഴികെ 64 ഗവേഷകർക്ക് ബിരുദം നൽകാൻ വി.സി അടുത്തിടെ തീരുമാനിച്ചിരുന്നു.