പൊടിപൊടിച്ച് പ്രചാരണം പോരടിക്കാൻ രണ്ടാഴ്ച
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ മൂന്നു മുന്നണികളും പ്രചാരണരംഗത്ത് സജീവമായി. തദ്ദേശത്തിലെ മേൽക്കോയ്മ നിലനിർത്താമെന്ന പ്രതീക്ഷയോടെ എൽ.ഡി.എഫ് പ്രചാരണത്തിൽ ഊർജ്ജസ്വലമാകുമ്പോൾ ഇക്കുറി നില മെച്ചപ്പെടുത്തുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫും എൻ.ഡി.എയും.തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ വോട്ടായി മാറുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷയുടെ കാതൽ. സാമൂഹ്യ പെൻഷൻകാരുടെ ആഹ്ലാദം വോട്ടായി മാറിയാൽ ഇടതു കണക്കുകൂട്ടലുകൾ ശരിയാകും. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഭരണത്തിലിരുന്ന എൽ.ഡി.എഫിന് ഭരണനേട്ടങ്ങൾ വോട്ടാക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലായാണ് യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. പതിവില്ലാത്ത തരത്തിലുള്ള മുൻകരുതലുകളാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. പ്രധാന തദ്ദേശസ്ഥാപനങ്ങളുടെ ചുമതല മുതിർന്ന ജില്ലയിലെ മുൻ എം.എൽ.എമാർ , സി.പി.എം കോട്ടകളിൽ മത്സരിച്ച മുൻ നിയമസഭാ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള പ്രമുഖരെ ഏൽപിച്ചുമാണ് യു.ഡി.എഫ് മുന്നോട്ടു പോകുന്നത്. ഇത് ഗുണകരമായെന്ന് യു.ഡി.എഫ് വിലയിരുത്തുന്നുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഭരണസമിതിക്കെതിരെ കുറ്റപത്രം പുറത്തിറക്കിയും ഭരണത്തിലുള്ള സ്ഥലങ്ങളിൽ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിച്ചുമാണ് യു.ഡി.എഫ് ഒരുക്കം. സംസ്ഥാനതലത്തിൽ കുറ്റപത്രവും പ്രകടനപത്രികയും പുറത്തിറക്കി കഴിഞ്ഞു.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് , മുൻ പ്രസിഡന്റ് സുധാകരൻ എന്നിവർ കണ്ണൂരിലെ പ്രചാരണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.
ശബരിമല പ്രധാന ആയുധം
പരാജയങ്ങളിൽ ഊന്നി ഭരണവിരുദ്ധ വികാരം മുതലെടുക്കാനുള്ള പ്രചാരണരീതിയാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നത് ശബരിമല സ്വർണപ്പാളി മോഷണത്തിലാണ്. ഈ കാര്യത്തിൽ ബി.ജെ.പി കാര്യമായ ആവേശം കാട്ടാതിരിക്കുന്നതും തങ്ങൾക്ക് ഗുണകരമാകുമെന്ന് യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു. സി.പി.എം-ബി.ജെ.പി ഡീൽ എന്ന ആരോപണവും ശക്തമായി ഉയർത്തുന്നു. ബി.ജെ.പിയാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി തന്നെയാണ് വോട്ടാക്കി മാറ്റാൻശ്രമിക്കുന്നത്.
350 സീറ്റുകളിൽ ബി.ജെ.പി ഇല്ല
ജില്ലയിൽ ഇത്തവണ 350 തദ്ദേശ സീറ്റുകളിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല.ഇതിൽ 244 പഞ്ചായത്ത് വാർഡും 83 നഗരസഭാ ഡിവിഷനും 23 ബ്ലോക്ക് ഡിവിഷനുമാണുള്ളത്. പയ്യന്നൂർ 19, തളിപ്പറമ്പ് 13, ശ്രീകണ്ഠപുരം ഒമ്പത്, ഇരിട്ടി ഏഴ്, പാനൂർ നാല്, കാല്, കൂത്തു പറമ്പ് നാല്, തലശേരി രണ്ട് സീറ്റുകളിലാണ് രംഗത്തില്ലാത്തത്. മലപ്പട്ടം (14), മാട്ടൂൽ (14), വളപട്ടണം (11), മാടായി(11), ചൊക്ലി (10), ഏഴോം (10), പിണറായി(10), എരമം കുറ്റൂർ(10) എന്നീ പഞ്ചായത്തുകളിലാണ് കൂടുതലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്തത്.