കാർ തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
* പേരക്കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു
കോതമംഗലം: വടാട്ടുപാറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്കുമറിഞ്ഞ് വീട്ടമ്മ മരിച്ചു. വടാട്ടുപാറ പനംചുവട് ചെരുവിളക്കിഴക്കേതിൽ അനിൽകുമാറിന്റെ ഭാര്യ രേഖയാണ് (54) മരിച്ചത്. കാർ ഓടിച്ചിരുന്ന അനിൽകുമാറിന് പരിക്കേറ്റു. രണ്ട് പേരക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ പുളിമൂടൻചാൽ പാലത്തിന് സമീപം ഇന്നലെ വൈകിട്ടാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ സംരക്ഷണഭിത്തി തകർത്ത് തലകീഴായി തോട്ടിൽ പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രേഖയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. അനിൽകുമാറിനെ കോതമംഗലത്തെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിദഗ്ദ്ധചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മകൾ ആതിരയുടെ മക്കളായ ധ്യാൻ (2), ദക്ഷ (4) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കോലഞ്ചേരിയിൽ ബന്ധുവീട് സന്ദർശിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അനിൽകുമാർ വിമുക്തഭടനാണ്. മക്കൾ: ആതിര (യു.കെ), ആരോമൽ (ബംഗളൂരു). മരുമകൻ: ദീപു നാരായണൻ.