ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം
ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹരികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ (73) ജയിലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. സ്ഥിരീകരണമില്ലെങ്കിലും വാർത്ത പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു. ജയിലിന് മുന്നിലും ഇസ്ലാമാബാദ്, ലാഹോർ,കറാച്ചി തുടങ്ങിയ നഗരങ്ങളിലും അനുയായികൾ
സുരക്ഷാസേനയുമായി ഏറ്റുമുട്ടി.ഭരണകൂടമോ ജയിൽ അധികൃതരോ പ്രതികരിച്ചിട്ടില്ല.
സൈനിക മേധാവി അസിം മുനീറും ഐ.എസ്.ഐയും ചേർന്ന് ഇമ്രാനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയെന്ന് ബലൂചിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയം എക്സിലൂടെ പറഞ്ഞു. അഴിമതി കേസിൽ 2023 മുതൽ ജയിലിലാണ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന അദ്ദേഹത്തെ കാണാൻ സഹോദരിമാരെ അനുവദിക്കാതിരുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. കൊല്ലപ്പെട്ടതായി കഴിഞ്ഞ മേയിലും അഭ്യൂഹമുണ്ടായിരുന്നു.
ജയിലിൽ പീഡനമനുഭവിക്കുന്നതായി കഴിഞ്ഞ ജൂലായിൽ ഇമ്രാൻ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അസിം മുനീറായിരിക്കും ഉത്തരവാദിയെന്നും സൂചിപ്പിച്ചിരുന്നു.