ദേശീയപാതയിൽ ' വാ' തുറന്ന് ഓടകൾ
സ്ലാബ് പൊളിയുന്നത് പതിവ്
കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ ഭാഗമായി വെട്ടുറോഡ് മുതൽ പള്ളിപ്പുറം വരെയുള്ള വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച ഓടയുടെ കോൺക്രീറ്റ് സ്ളാബുകൾ ഇളകിത്തുടങ്ങിയതോടെ അപകടം പതിവ്.
പള്ളിപ്പുറത്തും തോന്നയ്ക്കലിലുമായി ബൈക്കും കാറും ഓടയിൽ അകപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. യാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെടുന്നതെങ്കിലും വാഹനങ്ങൾക്ക് കേടുപാടുണ്ടാകുന്നു. കാലങ്ങളോളം ഈടുനിൽക്കേണ്ട ഓടകളാണ് ഉദ്ഘാടനത്തിന് മുമ്പുതന്നെ പൊളിയുന്നത്. പലയിടത്തും തോന്നുംപോലെയാണ് ഓടയുടെ നിർമ്മാണം. ഇവയുടെ ഗുണനിലവാരം പരിശോധിക്കാനോ നടപടിയെടുക്കാനെ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്.
രാത്രിയിലാണ് വാഹനയാത്രക്കാർ കൂടുതലായും ബുദ്ധിമുട്ടുന്നത്. വെള്ളക്കെട്ട് കാരണം റോഡിലെ കുഴി മനസിലാക്കാൻ കഴിയാത്തതും പ്രതിസന്ധിയാണ്. ദേശീയപാതയുടെ നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനി ഉപകരാറുകൾ വീതിച്ച് നൽകിയതോടെയാണ് ഗുണനിലവാരമില്ലാത്ത ഓടകൾ നിർമ്മിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമ്മാണം പൂർത്തിയായെങ്കിലും ആദ്യം ഓട മൂടിയിരുന്നില്ല. പിന്നീട് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സ്ലാബ് ഇടാനുള്ള നടപടികളെടുത്തത്.
പ്രശ്‌നം ഗുരുതരം
-------------------------------------
സർവീസ് റോഡിൽ ഒരേ സമയം രണ്ടുവാഹനങ്ങൾക്ക് കടന്നുപോകണമെങ്കിൽ ഓടയ്ക്ക് മുകളിൽ വാഹനം കയറ്റി പോകാനേ നിർവാഹമുള്ളൂ. പള്ളിപ്പുറത്തിന് സമീപം അടുത്തിടെ കാർ ഓടയ്ക്കുമുകളിൽ നിറുത്തിയപ്പോഴാണ് സ്ലാബ് പൊളിഞ്ഞുവീണത്. വ്യാപാര സ്ഥാപനങ്ങൾ കൂടുതലുള്ള ഭാഗങ്ങളിൽ സർവീസ് റോഡിന്റെ നിർമ്മാണം നീണ്ടുപോകുകയാണെന്നും ആക്ഷേപമുണ്ട്. നിരവധി കച്ചവട സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ഭാഗത്ത് സർവീസ് റോഡ് നിർമ്മാണം വൈകുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
ഓടയുടെ താഴ്ച - 10 അടി മുതൽ 6 അടി വരെ
ദേശീയപാതയിലെ പ്രശ്‌നങ്ങൾ
-------------------------------------------------
സർവീസ് റോഡിലെ വെള്ളക്കെട്ട്
തെരുവ് വിളക്കുകളുടെ അഭാവം
മഴക്കാലത്തെ ചെളിക്കുളം
മുന്നറിയിപ്പ് ബോർഡുകൾ കുറവ്
അപ്രതീക്ഷിത ഗതാഗത നിയന്ത്രണം