കോർപറേഷനിൽ പോരാട്ടം കനക്കും, ചങ്കിടിപ്പോടെ മുന്നണികൾ

Thursday 27 November 2025 12:36 AM IST

തൃശൂർ: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ആശങ്കകളും പ്രതീക്ഷകളും നിലനിറുത്തി തൃശൂർ കോർപറേഷനിൽ ഭരണം പിടിക്കാൻ മുന്നണികൾ. വാർഡ് വിഭജനം പല സ്ഥലങ്ങളിലും ഡിവിഷനുകളുടെ ഘടന മാറ്റിയത് ഇത്തവണ നിർണായകമാകുമെന്നത് മുന്നിൽ കണ്ടാണ് പ്രചാരണവുമായി പാർട്ടികൾ മുന്നോട്ട് പോകുന്നത്. കോർപറേഷൻ ഭരണത്തിന്റെ വിധി നിർണയിക്കുന്ന പതിനഞ്ചോളം ഡിവിഷനുകളുടെ ഫലം ആശ്രയിച്ചാകും കോർപറേഷൻ ഭരണം. കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 11 ഡിവിഷനുകളിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നൂറിൽ താഴെ വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടിരുന്നു. ഇതിൽ ആറിടത്ത് യു.ഡി.എഫും നാലിടത്ത് എൽ.ഡി.എഫുമാണ് പരാജയപ്പെട്ടത്. എൻ.ഡി.എ രണ്ട് ഡിവിഷനുകളിൽ നൂറിൽ താഴെ വോട്ടിന് പരാജയപ്പെട്ടു. ഒരിടത്ത് സ്വതന്ത്രനും പരാജയപ്പെട്ടു . ഇവിടങ്ങളിലെല്ലാം ശക്തമായ മത്സരമാണ് ഇത്തവണ നടക്കുന്നത്.

കൃഷ്ണാപുരം ശ്രദ്ധേയം

കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന ഡിവിഷനാണ് കൃഷ്ണാപുരം.

നിലവിലെ എൽ.ഡി.എഫ് ഭരണ സമിതിയിലെ സിറ്റിംഗ് കൗൺസിലർമാർ നേർക്ക് നേർ പോരാടുന്നുവെന്നതാണ് പ്രത്യേകത.

രണ്ടു പേരും പോരാടുന്നത് എൽ.ഡി.എഫിനും യു.ഡി.എഫിനുമെതിരെയാണ്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സി.പി.ഐയിൽ നിന്ന് രാജിവെച്ച ബീന മുരളി സ്വതന്ത്രയായി മത്സരിക്കുമ്പോൾ കൃഷ്ണാപുരം നൽകാത്തതിനെ തുടർന്ന് ജനതാദൾ(എസ്) വിട്ട ഷീബ ബാബു എൻ.ഡി.എ സ്വതന്ത്രയായും മത്സരിക്കുന്നുണ്ട്. ഇതിന് പുറമേ ലീഗ് സ്ഥാനാർത്ഥിയായി ജാൻ മേരി ജോസും, ജനതാദൾ (എസ്) സ്ഥാനാർത്ഥിയായി സൗമ്യപ്രതീഷും രംഗത്തുണ്ട്. ഇവിടെ നടത്തറ ഡിവിഷൻ ഇല്ലാതാക്കി 1500 വോട്ടുകൾ കൃഷ്ണാപുരത്തിൽ ലയിപ്പിക്കുകയും കൃഷ്ണാപുരത്തിലേതടക്കം വോട്ടുകൾ മാറ്റി ഒല്ലുക്കര ഡിവിഷനും രൂപീകരിച്ചിരുന്നു.

നൂറിൽ താഴെ വോട്ടിന് പരാജയപ്പെട്ട ഡിവിഷനുകൾ

യു.ഡി.എഫ്

കഴിഞ്ഞ തവണ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണം നഷ്ടപ്പെട്ടത്. നെട്ടിശ്ശേരിയിൽ കോൺഗ്രസ് വിമതൻ മത്സരിച്ച് വിജയിച്ചത് നിർണായകമായെങ്കിൽ അഞ്ചേരി, അരണാട്ടുകര,അയ്യന്തോൾ, ചിയ്യാരം സൗത്ത്, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിൽ നൂറിൽ താഴെ വോട്ടിനായിരുന്നു പരാജയം. ഇതിൽ പാട്ടുരായ്ക്കൽ 17 വോട്ടിനായിരുന്നു പരാജയം.

എൽ.ഡി.എഫ്

അഞ്ചു വർഷക്കാലം യു.ഡി.എഫ് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ.വർഗീസിലൂടെ ഭരണം നിലനിർത്തിയ എൽ.ഡി.എഫിനും ഉറപ്പെന്ന് കരുതിയ നാലു സീറ്റുകൾ കഴിഞ്ഞ തവണ നൂറിൽ താഴെ വോട്ടിന് നഷ്ടപ്പെട്ടു. കൂർക്കഞ്ചേരി, കണിമംഗലം, കൊക്കാലെ,ചിയ്യാരം നോർത്ത് ഡിവിഷനുകളിലാണ് പരാജയപ്പെട്ടത്.

എൻ.ഡി.എ

എട്ട് ഡിവിഷനുകളിൽ എൻ.ഡി.എ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും നൂറിൽ താഴെ വോട്ടിന് പരാജയപ്പെട്ടത് രണ്ടിടങ്ങളിലാണ്. മുക്കാട്ടുകരയിലും സിറ്റിംഗ് സീറ്റായിരുന്ന കണ്ണംകുളങ്ങരയിലുമായിരുന്നു പരാജയം. ഗാന്ധിനഗർ, കാനാട്ടുകര, കുട്ടംകുളങ്ങര,നടത്തറ,ചേറ്റുപ്പുഴ എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്.