വീട്ടമ്മയെ തേനീച്ചയാക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനിടെ കുത്തേറ്റ് സ്ഥാനാർത്ഥി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ വീട്ടമ്മ ഐ.സി.യുവിൽ

Wednesday 26 November 2025 10:38 PM IST

കൂത്തുപറമ്പ്: ശിവപുരം മെട്ടയിൽ വച്ച് തേനീച്ചയുടെ കുത്തേറ്റ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ടുപേർ ചികിത്സയിൽ. കിണവക്കൽ സ്വദേശിയും കോട്ടയം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.കെ.അസീസ് (46), മെട്ടയിലെ ബുഷ്റ (38) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. നിരവധിപേർക്ക് കുത്തേറ്റെങ്കിലും മറ്റാരുടേയും പരിക്ക് ഗുരുതരമല്ല. തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബുഷ്റയെ ഐ.സി.യുവിലേക്ക് മാറ്റി.

ഇന്നലെ രാവിലെ 8.15 ഓടെയാണ് സംഭവം. ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന അസീസിന്റെ ശ്രദ്ധയിൽ തേനീച്ച പൊതിഞ്ഞ നിലയിൽ ബഹളം വെക്കുന്ന ബുഷ്റ പെടുകയായിരുന്നു. ആദ്യം രക്ഷിക്കാനാവാത്ത അവസ്ഥയിൽ മുന്നൂറ് മീറ്ററോളം മുന്നോട്ടു പോയെങ്കിലും മനഃസാന്നിധ്യം വിടാതെ തിരിച്ചു വന്ന് ഓട്ടോയിൽ നിന്നും ഒരു തുണിയെടുത്ത് ബുഷ്‌റയുടെ ദേഹത്ത് നിന്നും തേനീച്ചകളെ ഒരു വിധം അകറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെയാണ് അസീസിനും തേനീച്ചയുടെ കുത്തേറ്റത്. പ്രദേശത്ത് നാൽപതിലേറെ പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.