പോളിയോ ബാധിതനെ ഭാഗ്യക്കുറി വിറ്റ് ജീവിക്കാൻ അനുവദിക്കണം

Thursday 27 November 2025 3:40 AM IST

തിരുവനന്തപുരം: പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടയാൾക്ക് ഭാഗ്യക്കുറി വിറ്റ് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

ഇപ്പോൾ അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് കഴിയുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അനിൽകുമാറിന് മുച്ചക്രവാഹനവും ലൈഫ് പദ്ധതിയിൽ വീടും ഭാഗ്യക്കുറി വിൽക്കാനുള്ള ധനസഹായവും അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വികലാംഗ ക്ഷേമ കോർപ്പറേഷൻ എം.ഡിക്കുമാണ് നിർദ്ദേശം നൽകിയത്.

ഭാഗ്യക്കുറി വില്പനയ്ക്കുള്ള ധനസഹായം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിഗണിച്ച് ധനസഹായം അനുവദിക്കാൻ വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ നടപടിയെടുക്കണം.

പരാതിക്കാരന്റെ ഭാര്യ ക്യാൻസർ ബാധിച്ച് 10 വർഷം മുമ്പ് മരിച്ചു. രണ്ടു പെൺമക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകളെ ഒരു ബന്ധുവിന്റെ വീട്ടിൽ നിറുത്തിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.