തരൂർ രക്തസാക്ഷിപരിവേഷത്തിന് ശ്രമിക്കുന്നു: രാജമോഹൻ ഉണ്ണിത്താൻ

Wednesday 26 November 2025 10:43 PM IST

കാസർകോട്: തരൂർ പാർട്ടിക്കുള്ളിൽ തന്നെ സംഘർഷാവസ്ഥ സൃഷ്ടിക്കാനും രക്തസാക്ഷി പരിവേഷം കെട്ടിപ്പടുക്കാനുമുള്ള ശ്രമത്തിലാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ നിലപാടുകളും പ്രവർത്തനങ്ങളും കോൺഗ്രസിന്റെ പ്രതിഛായയ്ക്ക് ദോഷമുണ്ടാക്കുന്നതാണെന്നും കാസർകോട്ട് മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് വേണ്ടി ചെയ്തതിനെക്കാൾ പാർട്ടി തരൂരിന് ചെയ്തു കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം മനസിലാക്കണം. പാർട്ടിയിൽ നിന്ന് ബലിയാടാവാമെന്ന മനോഭാവം ഉണ്ടാക്കി പുറത്തേക്ക് പോകാൻ

ശ്രമിക്കുന്നതുപോലുള്ള സമീപനം കോൺഗ്രസിന് അംഗീകരിക്കാൻ കഴിയില്ല എന്നും ഉണ്ണിത്താൻ പറഞ്ഞു. തരൂരിന്റെ ഇത്തരം ഔദ്യോഗിക നിലപാടുകളെയും പ്രസ്താവനകളെയും പ്രോത്സാഹിപ്പിക്കാനോ സഹിക്കാനോ കോൺഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തരൂരിന് ഇഷ്ടമില്ലെങ്കിൽ പാർട്ടി വിട്ട് പുറത്തേക്കു പോകാം. ഒരു ജന്മം ഒരു രാഷ്ട്രീയ പാർട്ടിയിലൂടെ നേടാനാകുന്നതെല്ലാം അദ്ദേഹം ഇതിനകം നേടിയെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.