പി.എം ശ്രീക്ക് പിന്നാലെ ലേബർ കോഡ് വിവാദം
തിരുവനന്തപുരം: വേണ്ടത്ര കൂടിയാലോചനയില്ലാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിന്റെ വിവാദത്തിൽ നിന്ന് ഒരുവിധം കരകയറി വരുന്നതിന് പിന്നാലെ തൊഴിൽ വകുപ്പ് ലേബർ കോഡിന് കരട് ചട്ടം തയ്യാറാക്കിയത് അടുത്ത വിവാദത്തിന് തിരികൊളുത്തി. വിഷയം തണുപ്പിക്കാൻ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഇന്ന് ട്രേഡ് യൂണിയനുകളുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്.
ഇടതുമുന്നണിയോ തൊഴിലാളി സംഘടനകളോ അറിയാതെ 2021ലാണ് ലേബർ കോഡിന്റെ കരട് തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡിനെതിരെ തൊഴിലാളി സംഘടനകൾ സമരം ചെയ്യുമ്പോഴാണ് അതിനുവേണ്ടിയുള്ള കരട് സംസ്ഥാനം തയ്യാറാക്കിയിരുന്നു എന്ന വിവരം പുറത്തുവന്നത്. ഇടതുമുന്നണിയിൽ പോലും ആലോചിക്കാതെ കരട് ചട്ടം തയ്യാറാക്കിയെന്നാണ് ആക്ഷേപം.
കരട് ചട്ടങ്ങൾ രഹസ്യമായി തയ്യാറാക്കുകയും ഇത്രനാളും അത് ചർച്ചയ്ക്ക് വരാതിരിക്കുകയും ചെയ്തതിൽ ഇടത് ട്രേഡ് യൂണിയനുകൾക്കടക്കം അമർഷമുണ്ട്. സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് എ.ഐ.ടി.യു.സിയും ഐ.എൻ.ടി.യു.സിയും.
അതേസമയം, തൊഴിലാളികൾക്ക് അനുകൂലമായിരുന്ന 29 തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് സംരംഭകർക്കും മുതലാളിമാർക്കും അനുകൂലമായ രീതിയിൽ കേന്ദ്ര സർക്കാർ പുതിയ കോഡുകൾ ഉണ്ടാക്കിയതിൽ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സമരത്തിലാണ്. പണിമുടക്കും പ്രതിഷേധങ്ങളും ഉൾപ്പെടെയുള്ള അവകാശങ്ങൾ സ്ഥിരമായി തടയുകയാണ് ലക്ഷ്യമെന്ന് ആരോപിച്ചാണിത്.
'നടപ്പാക്കാൻ ഉദ്ദേശ്യമില്ലായിരുന്നു'
ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേട്ടശേഷമേ തുടർനടപടികളിലേക്ക് സർക്കാർ കടക്കൂവെന്ന് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥ തലത്തിൽ കരട് തയ്യാറാക്കുക മാത്രമായിരുന്നു. ഇത് നടപ്പാക്കാൻ ഉദ്ദേശ്യമില്ലാതിരുന്നതിനാലാണ് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് ചർച്ച നടത്താതിരുന്നതെന്നും മന്ത്രി പറഞ്ഞു.
യൂണിയനുകളുടെ യോഗം വിളിച്ച് സർക്കാർ
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കാൻ കേരളം തയ്യാറല്ലെന്നും യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര കരട് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ അടിയന്തരയോഗം ഇന്ന് വിളിച്ചിട്ടുണ്ട്. യൂണിയനുകളുടെ അഭിപ്രായം കേട്ടശേഷം തുടർനടപടികളിലേക്ക് കടക്കും. ഈ വിഷയത്തിൽ അടുത്തമാസം 19ന് തിരുവനന്തപുരത്ത് 'ദേശീയ ലേബർ കോൺക്ലേവ്" സംഘടിപ്പിക്കും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളെയും നിയമ വിദഗ്ദ്ധരെയും ഇതിൽ പങ്കെടുപ്പിക്കും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും ക്ഷണിക്കും. കേരളം ഒഴികെ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബർ കോഡുകൾ സംബന്ധിച്ച ചട്ടങ്ങൾ തയ്യാറാക്കി കേന്ദ്രത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.