താളത്തിൽ തുള്ളി മലപ്പുലയാട്ടം

Thursday 27 November 2025 12:47 AM IST

ആലപ്പുഴ : മലപ്പുലയാട്ടത്തിൽ ഹൈസ്ക്കൂൾ , ഹയർ സെക്കൻഡറി​ വി​ഭാഗങ്ങളി​ൽ ഒന്നാമതെത്തി​ പാണാവള്ളി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളും ചെങ്ങന്നൂർ പുത്തൻകാവ് മെട്രോപൊളിറ്റൻ ഹയർ സെക്കൻഡറി സ്കൂളും.

മാരിയമ്മൻ ഉത്സവവുമായി ബന്ധപ്പെട്ട് മറയൂരിലെ ഊരുകളിൽ കളിക്കുന്ന ഗോത്രനൃത്തരൂപമാണ് മലപ്പുലയാട്ടം. ഗോത്രകലയിൽ തനതായി ഉപയോഗിക്കുന്ന കിടിമുട്ടി, ചിക്ക് വാദ്യം, ചിലങ്ക, ഉറുമി, കട്ടവാദ്യം, കുഴൽ തുടങ്ങിയ വാദ്യങ്ങളുമായി താളത്തിനൊത്തു ചുവട് മാറ്റുന്നതു പഠിച്ചെടുക്കുകയെന്നാണ് മലപ്പുലയാട്ടത്തിലെ വെല്ലുവിളി. നീണ്ട പരിശീലനത്തി​ലൂടെയേ ഇത് സാദ്ധ്യമാവുകയുള്ളൂ. പാലക്കാട് നിന്നുള്ള 'യാഴ്' ഫോക്ക് ബാൻഡിന്റെ നേതൃത്വത്തിൽ മറയൂരിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള പരിശീലകന്റെ കീഴിൽ പരി​ശീലി​ച്ചാണ് പാണാവള്ളി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വി​ഭാഗത്തി​ൽ ഒന്നാമതെത്തി​ സംസ്ഥാന കലോത്സവത്തി​ൽ പങ്കെടുക്കാൻ യോഗ്യത നേടി​യത്. കലാകാരൻ ജോബിനാണ് ഹയർ സെക്കൻഡറി​ വി​ഭാഗത്തി​ൽ ഒന്നാം സ്ഥാനം നേടി​യ ചെങ്ങന്നൂർ പുത്തൻകാവ് മെട്രോപൊളിറ്റൻ ഹയർ സെക്കൻഡറി സ്കൂളി​നെ പരി​ശീലി​പ്പി​ച്ചത്.