സംഘർഷഭൂമിയായി സംഘനൃത്ത വേദി
ആലപ്പുഴ: ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിലെ വിധി നിർണയത്തെ ചൊല്ലി, ലിയോ തേർട്ടീന്ത് സ്കൂളിലെ വേദി രണ്ട് സംഘർഷ ഭൂമിയായി മാറി. വിദ്യാർത്ഥികൾ വിധികർത്താക്കളെ തടഞ്ഞും വേദിക്ക് മുന്നിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. ചേർത്തല ഉപജില്ലയിൽ നിന്ന് അപ്പീലുമായി എത്തിയ ഗവ. ജി.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം ലഭിച്ചതോടെ വിധി അംഗീകരിക്കാതെ, ഇതേ ഉപജില്ലയിൽ നിന്ന് ഒന്നാംസ്ഥാനം ലഭിച്ചെത്തിയ ചേർത്തല സെന്റ് മേരീസ് എച്ച്.എസ്.എസ് സംഘമാണ് പ്രതിഷേധിച്ചത്. വിധിനിർണയത്തിന് പിന്നാലെ 3.20ഓടെ വിധികർത്താക്കൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ കുട്ടികൾ തടഞ്ഞു. ഇവർക്ക് പിന്തുണയുമായി അദ്ധ്യാപകരും പരിശീലകരുമെത്തിയതോടെ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഹയർസെക്കൻഡറി മത്സരം ആരംഭിക്കാനിരിക്കെയായിരുന്നു വേദിക്ക് മുന്നിൽ വിദ്യാർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നൃത്തത്തിന്റെ ഭാഗമായുള്ള ഉപകരണങ്ങളുടെ അതിപ്രസരവും ആവർത്തന വിരസതയുമുണ്ടായെന്നും വിധികർത്താക്കൾ പറഞ്ഞു. ഉപകരണങ്ങൾക്കല്ല നൃത്തത്തിനാണ് പ്രാധാന്യമെന്നായിരുന്നു വിധികർത്താക്കളുടെ പക്ഷം. ഇത് മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് ഇവരെ അനുനയിപ്പിച്ചെങ്കിലും ഹയർസെക്കൻഡറി വിഭാഗം മത്സരം ആരംഭിക്കുന്നതിന് മുമ്പും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. മത്സരത്തിനിടെ നൃത്തത്തിന്റെ ഭാഗമായി വിതറിയ മഞ്ഞൾപ്പൊടി ശ്വസിച്ച് ശ്വാസതടസമുണ്ടായ വിധികർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേജ് പൊളിഞ്ഞു, മത്സരം വൈകി
ഹൈസ്കൂൾ വിഭാഗം സംഘനൃത്തമത്സരം രണ്ടര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ചൊവ്വാഴ്ച നടന്ന ചവിട്ടുനാടക മത്സരത്തിന് ശേഷം താത്കാലികമായി ഒരുക്കിയ വേദിയുടെ തട്ടിന് ഇളക്കം ഉണ്ടായതാണ് കാരണം. മത്സരശേഷം ഒരു വിദ്യാർത്ഥി കുഴഞ്ഞുവീണു. ഉച്ചയോടെ വീണ്ടും വേദിക്ക് ഇളക്കമുണ്ടായതിനെത്തുടർന്ന് മത്സരക്രമം താളംതെറ്റി.