ആക്കുളത്ത് ആവേശമായി ' ആകാശ നടത്തം '
കുളത്തൂർ: വിനോദസഞ്ചാര ഭൂപടത്തിൽ തലസ്ഥാന ജില്ലയ്‌ക്ക് മുതൽക്കൂട്ടായി ആക്കുളത്തെ കണ്ണാടിപ്പാലം. ആക്കുളം കായലിന്റെ മനോഹാരിതയും നഗരത്തിന്റെ ഭംഗിയും ഒറ്റനോട്ടത്തിൽ ആസ്വദിക്കാൻ കഴിയുന്ന കേന്ദ്രമായി ഇവിടം മാറുകയാണ്. സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിൽ നിർമ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്.
നേരത്തെ നിർമ്മാണത്തിലെ അപാകതകാരണം പാലത്തിൽ വിള്ളലുണ്ടായ പാളികൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരുവർഷത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. പാലത്തിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കോഴിക്കോട് എൻ.ഐ.ടി സിവിൽ വിഭാഗത്തിന്റെ പഠന റിപ്പോർട്ടിനെ തുടർന്നാണ് അറ്റകുറ്റപ്പണികളും അനുബന്ധ നിർമ്മാണവും ആരംഭിച്ചത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി അടുത്തിടെയാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്.
ഇഷ്ടകേന്ദ്രമായി കണ്ണാടിപ്പാലം
-------------------------------------------------
12 എം.എം വീതം കനമുള്ള 3 കണ്ണാടിപ്പാളികൾക്കിടയിൽ 1.5 എം.എം വീതം ലാമിനേഷൻ ക്രമീകരിച്ച് സാൻവിച്ച് മാതൃകയിലാണ് കണ്ണാടിപ്പാലത്തിന്റെ നിർമ്മാണം. അനുബന്ധമായി കൃത്രിമമഴ,മൂടൽമഞ്ഞ്,ആധുനിക പ്രകാശസംവിധാനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ യുവജനസംരംഭക സഹകരണ സംഘമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു (വൈബ്കോസ്) നിർമ്മാണച്ചുമതല. സിപ്പ് ലൈൻ, സ്കൈ സൈക്ലിംഗ് തുടങ്ങി പത്തോളം ഹൈറോപ്പ് ആക്ടിവിറ്റികൾ,ശീതീകരിച്ച മ്യൂസിക്കൽ ഫൗണ്ടൻ,ലേസർ ഷോ തിയേറ്റർ,ഇന്ത്യൻ എയർഫോഴ്സ് മ്യൂസിയം,12 ഡി തിയേറ്റർ,കമ്പ്യൂട്ടർ ഗെയിമിംഗ് സോൺ,ഫിഷ് സ്‌പാ,കുട്ടികൾക്കായുള്ള സോഫ്റ്റ് പ്ലേ ഏര്യ,കിഡ്സ് സോൺ,ടോയ് ട്രെയിൻ തുടങ്ങി നിരവധി വിനോദ ഉപാധികൾ ടൂറിസ്റ്റ് വില്ലേജിൽ പ്രവർത്തിക്കുന്നുണ്ട്.
50 മീറ്റർ നീളം 2 മീറ്റർ വീതി
ഒരേസമയം 20 പേർക്ക് കയറാം
പ്രവേശന ഫീസ്
മുതിർന്നവർക്ക് 200 രൂപ
കുട്ടികൾക്ക് 150 രൂപ
70 അടി ഉയരം
നിർമ്മാണച്ചെലവ് - 1.25 കോടി