ഇമ്രാൻ മരിച്ചെന്ന് കേട്ട് ആയിരങ്ങൾ തെരുവിൽ
ഇസ്ലാമാബാദ്: ജയിൽശിക്ഷ അനുഭവിക്കുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ക്യാപ്ടനുമായിരുന്ന ഇമ്രാൻഖാൻ മരിച്ചെന്ന വാർത്ത പ്രചരിച്ചതോടെ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിലേക്ക് ഇറങ്ങിയത്.
സന്ദർശനാനുമതി നിഷേധിക്കപ്പെട്ട ഇമ്രാന്റെ സഹോദരിമാരെയും പിന്നാലെ തടിച്ചു കൂടിയ പാർട്ടി പ്രവർത്തകരെയും അഡിയാല ജയിലിനു മുന്നിൽ നിന്ന് ബലം പ്രയോഗിച്ച് നീക്കി.
ബലപ്രയോഗത്തിൽ സഹോദരിമാരായ നൂറിൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർക്ക് പരിക്കേറ്റു. പഞ്ചാബ് പൊലീസ് തന്റെ മുടിയിൽ പിടിച്ചു നിലത്തെറിഞ്ഞതായി നൗറീൻ നിയാസി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഇമ്രാന്റെ മൂന്ന് സഹോദരിമാർ 'ഇമ്രാൻ ഖാൻ' എവിടെയെന്ന ചോദ്യവുമായി രംഗത്തത്തെത്തിയത്. 'ജയിലിനുള്ളിൽ ഇമ്രാന് ക്രൂര പീഡനം നേരിട്ടു, അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല' എന്ന് ആരോപിച്ചുകൊണ്ട് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കി. പിന്നാലെയാണ് 'ഇമ്രാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന' അഭ്യൂഹം ശക്തമായത്.
സംഘർഷം രൂക്ഷമായിട്ടും സർക്കാർ മൗനം പാലിക്കുന്നത് അഭ്യൂഹം ശരിയാണെന്ന ധാരണ പടർത്തി.
ഇമ്രാൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ മേയിലും അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പ്രചാരണം വ്യാജമാണെന്ന് പാകിസ്ഥാന്റെ വാർത്താ മന്ത്രാലയം അന്ന് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.