ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും ഇഷ്‌ടപ്പെടുമോയെന്ന് നോക്കി വിധിയെഴുതാൻ കഴിയില്ല : റിട്ട. ചീഫ് ജസ്റ്റിസ് ഗവായ്
ന്യൂഡൽഹി: ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും ഇഷ്‌ടപ്പെടുമോയെന്ന് നോക്കി ജഡ്‌ജിമാർക്ക് വിധിയെഴുതാൻ കഴിയില്ലെന്ന് സ്ഥാനമൊഴിഞ്ഞ സുപ്രീകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. തനിക്ക് മുന്നിലുള്ള രേഖകൾ, തെളിവുകൾ, വസ്‌തുതകൾ തുടങ്ങിയവ നോക്കിയാണ് ജഡ്‌ജിമാർ തീർപ്പു കൽപ്പിക്കുന്നതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഗവായ് വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്‌ജിമാർക്കും നിശ്ചിത സേവനകാലം നിശ്ചയിക്കണമെന്ന അഭിപ്രായം തനിക്കില്ല. കൊളീജിയം നടപടികൾ സുതാര്യമാണ്. അതങ്ങനെയല്ല എന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. താൻ ജഡ്‌ജിയായിരുന്ന കാലയളവിൽ രാഷ്ട്രീയ നേതാക്കളിൽ നിന്നോ, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നോ സമ്മർദ്ദമുണ്ടായിട്ടില്ല. ജുഡീഷ്യൽ ആക്‌ടിവിസം ജുഡിഷ്യൽ ഭീകരതയായി മാറരുത്. നടപടിക്രമങ്ങൾ കാറ്റിൽപറത്തി ബുൾഡോസർ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന നടപടി നിയമവിരുദ്ധമാണ്. അതിനാലാണ് അതിനെിരെ വിധി പുറപ്പെടുവിച്ചതെന്നും ഗവായ് പറഞ്ഞു.