ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ശ്രമം: പരാജയപ്പെടുത്തി സി.ഐ.എസ്.എഫ്

Thursday 27 November 2025 2:09 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മു കാശ്മീരിലെ ഉറി ജലവൈദ്യുതി നിലയം ആക്രമിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നുവെന്ന് സി.ഐ.എസ്.എഫ് വെളിപ്പെടുത്തൽ. ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തുകയായിരുന്നു. അന്ന് വൈദ്യുതിനിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സി.ഐ.എസ്.എഫ് സൈനികരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂഡൽഹിയിലെ സി.ഐ.എസ്.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥരെ ഡയറക്ടർ ജനറലിന്റെ മെഡൽ നൽകി ആദരിച്ചു.

മേയ് ഏഴിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി മേഖലകളിൽ ഷെൽ, ഡ്രോൺ ആക്രമണം ആരംഭിച്ചു. ഝലം നദിയിൽ സ്ഥിതിചെയ്യുന്ന ഉറി ജലവൈദ്യുതി നിലയത്തിന് നേരെയും ആക്രമണമുണ്ടായി. നിയന്ത്രണരേഖയിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള വൈദ്യുതിനിലയത്തിന് സമീപത്തെ ജനവാസ കേന്ദ്രങ്ങളും ഭീഷണിയിലായി. കമാൻഡന്റ് രവി യാദവിന്റെയും ഡെപ്യൂട്ടി കമാൻഡന്റ് മനോഹർ സിംഗിന്റെയും നേതൃത്വത്തിൽ സി.ഐ.എസ്.എഫ് സംഘം വൈദ്യുതിനിലയത്തെയും ചുറ്റുമുള്ള സ്ഥാപനങ്ങളെയും ടൗൺഷിപ്പിനെയും സംരക്ഷിക്കാനുള്ള നടപടികളാരംഭിച്ചു. പാക് ഡ്രോണുകളെല്ലാം സി.ഐ.എസ്.എഫ് സൈനികർ നിർവീര്യമാക്കി. സമീപത്തെ ജനവാസ കേന്ദ്രങ്ങളിൽ പാക് ഷെല്ലുകൾ പതിച്ചപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ 250ലേറെ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷൻ ജീവനക്കാരെയും മാറ്റി. അർദ്ധരാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരെ വിളിച്ചുണർത്തിയാണ് രക്ഷപ്പെടുത്തിയത്.