'എല്ലാവരെയും കൊല്ലും'; ‌ഡ്രൈവർ മദ്യലഹരിയിൽ, കോഴിക്കോട് സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസിനെതിരെ പരാതി

Thursday 27 November 2025 8:36 AM IST

കോഴിക്കോട്: മദ്യലഹരിയിൽ അപകടകരമായി അന്തർസംസ്ഥാന ബസോടിച്ച ഡ്രൈവറുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു. കോഴിക്കോട് ബംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസിലായിരുന്നു സംഭവം. ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നു. യാത്രക്കാർ ഇത് ചോദ്യം ചെയ്യുകയും ദൃശ്യം പകർത്തുകയും ചെയ്തു. എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി.

ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ ഡ്രൈവർ മദ്യക്കുപ്പിയുമായി ഇറങ്ങിയോടുകയായിരുന്നു. ഈ സമയം ക്ലീനർ മദ്യപിച്ച് ലക്കുകെട്ട് ബസിൽ കിടക്കുകയായിരുന്നു. ദൃശ്യങ്ങൾ യാത്രക്കാർ പുറത്തുവിട്ടിട്ടും ബസുടമ യാതൊരു നടപടിയും സ്വീകരിച്ചില്ല. തൊട്ടടുത്ത ദിവസവും ഇതേ ഡ്രൈവറെകൊണ്ട് ബസ് ഓടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പരാതിയുമായി യാത്രക്കാർ രംഗത്തെത്തിയിരിക്കുകയാണ്.