'ആ മൃഗം വലിയ വില നൽകേണ്ടിവരും'; സൈനികർക്കു നേരെയുണ്ടായ വെടിവെയ്‌പിൽ രൂക്ഷമായി പ്രതികരിച്ച് ട്രംപ്

Thursday 27 November 2025 9:02 AM IST

വാഷിംഗ്‌ടൺ: വൈറ്റ് ഹൗസിന് സമീപം ഇന്നലെയുണ്ടായ അപ്രതീക്ഷിത വെടിവയ്‌പിൽ രൂക്ഷമായി പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് പുലർച്ചെ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അക്രമിയെ 'മൃഗം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അയാൾ ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് സൈനികരുടെ ആരോഗ്യനിലയെക്കുറിച്ചും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ട്രംപ് അറിയിച്ചു. "ഗുരുതരമായി പരിക്കേറ്റ രണ്ട് വ്യത്യസ്ത ആശുപത്രികളിൽ കഴിയുന്ന രണ്ട് നാഷണൽ ഗാർഡുകളെ വെടിവച്ച ആ മൃഗത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും, അവൻ വലിയ വില നൽകേണ്ടിവരും," നമ്മുടെ വലിയവരായ നാഷണൽ ഗാർഡിനെയും നമ്മുടെ എല്ലാ സൈനികരെയും നിയമപാലകരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവർ ശരിക്കും മഹാൻമാരാണ്. അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ ഞാനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്'- ട്രംപ് പോസ്റ്റിൽ വ്യക്തമാക്കി.

മാദ്ധ്യമങ്ങൾ റിപ്പോർട്ട് അനുസരിച്ച്, ഇന്നലെ ഉച്ചകഴിഞ്ഞ് 2:15നാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണമുണ്ടായത്. അക്രമി ഒരു വനിതാ ഗാർഡിന് നേരെ ആദ്യം നെഞ്ചിലും പിന്നീട് തലയിലും വെടിയുതിർക്കുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ ഗാർഡിന് നേരെയും വെടിയുതിർത്തു. പിന്നാലെ സൈനികരെത്തി അക്രമിയെ പിടികൂടുകയായിരുന്നു. അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാളാണ് ( 29) ആക്രമണത്തിനുപിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

ആക്രമണം നടക്കുമ്പോൾ ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കെന്റക്കിയിലുമായിരുന്നു. സംഭവത്തിനു പിന്നാലെ വൈറ്റ് ഹൗസിന് കൂടുതൽ സുരക്ഷയൊരുക്കുന്നതിന് 500 നാഷണൽ ഗാർഡ് അംഗങ്ങളെക്കൂടി വിന്യസിക്കാൻ ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്. ഇത് ലക്ഷ്യംവച്ചുള്ള ആക്രമണമാണമാണെന്നാണ് വാഷിംഗ്ടൺ മേയർ മുറിയൽ ബൗസർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.