'അറിയിപ്പുകളൊന്നും നൽകിയില്ല, വിമാനം വൈകിയത് നാല് മണിക്കൂറോളം'- എയർ ഇന്ത്യയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് താരം

Thursday 27 November 2025 10:20 AM IST

ഗോഹട്ടി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഇന്നലെ വൈകിട്ട് 7.25ന് ഗോഹട്ടിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം നാല് മണിക്കൂർ വൈകുകയും അധികൃതർ വ്യക്തമായി മറുപടി നൽകാതിരിക്കുകയും ചെയ്തതാണ് സിറാജിനെ ചൊടിപ്പിച്ചത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ശേഷം ഹൈദരാബാദിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വിമാനം പുറപ്പെടാതിരുന്നിട്ടും അധികൃതർ യാതൊരു അറിയിപ്പും നൽകിയില്ലെന്നും സിറാജ് എക്സിൽ കുറിച്ചു.

'ഗോഹട്ടിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ ഐഎക്സ് 2884 7:25-നാണ് പുറപ്പെടേണ്ടിയിരുന്നത് . എന്നാൽ എയർലൈനിൽ നിന്ന് യാതൊരു അറിയിപ്പുമുണ്ടായില്ല. തുടർച്ചയായി അന്വേഷിച്ചിട്ടും കൃത്യമായ കാരണം പറയാതെ വിമാനം വൈകിപ്പിക്കുകയായിരുന്നു. ഇത് വളരെ നിരാശാജനകമാണ്. ഒരോ യാത്രക്കാരന്റെയും അടിസ്ഥാനപരമായ ആവശ്യമാണിത്. വിമാനം നാല് മണിക്കൂർ വൈകിയിട്ടും യാതൊരു വിവരവുമില്ല. ഞങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും മോശം എയർലൈൻ അനുഭവം. വ്യക്തമായ നിലപാടെടുക്കാൻ കഴിയാത്ത ഇത്തരം എയർലൈനുകളിൽ യാത്ര ചെയ്യാൻ ഞാൻ ആരെയും ഉപദേശിക്കില്ല' സിറാജ് എക്സിൽ കുറിച്ചു.

അതേസമയം സിറാജിന്റെ പോസ്റ്റ് പുറത്ത് വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ എക്സിലൂടെ ക്ഷമാപണം നടത്തി മറുപടി നൽകുകയും ചെയ്തു.

'സിറാജ് നിങ്ങൾക്കുണ്ടായ ഈ സാഹചര്യം എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി. അപ്രതീക്ഷിതമായ ചില ഓപ്പറേഷണൽ കാരണങ്ങളാൽ വിമാനം റദ്ദാക്കിയിരിക്കുന്നു. വിമാനത്താവളത്തിലുള്ള ഞങ്ങളുടെ ടീം യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഒരുക്കിയിട്ടുണ്ട്'. എയർ ഇന്ത്യ എക്സപ്രസ് അറിയിച്ചു.