മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം; തള്ളിയിട്ട് മുഖത്ത് മാന്തി, വസ്‌ത്രം വലിച്ചു കീറി, അക്രമിയെ കീഴ്പ്പെടുത്തി യാത്രക്കാർ
ചെന്നൈ: മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി അറസ്റ്റിൽ. ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശി ശാരദാ നാരായണയ്‌ക്കു നേരെയാണ് ആക്രമണം നടന്നത്. അസം കരിംഗഞ്ച് സ്വദേശി അബ്ദുൾ റഹ്മാനെ(27) പൊലീസ് അറസ്റ്റ് ചെയ്തു.
ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയിലാണ് പ്രതി തന്നെ ആക്രമിച്ചതെന്ന് ശാരദാ നാരായണ പറഞ്ഞു. അക്രമാസക്തനായ പ്രതി ശാരദയെ തള്ളിയിട്ട ശേഷം മുഖത്ത് മാന്തുകയും വസ്‌ത്രം കീറുകയും ചെയ്‌തു. ഇയാളെ പിടിച്ചുമാറ്റാനെത്തിയ മറ്റ് രണ്ട് ടിടിഇമാരെയും പ്രതി ആക്രമിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. പെരമ്പൂർ ഗവ. റെയിൽവേ പൊലീസെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തു. ആക്രമണത്തിൽ ശാരദാ നാരയണന്റെ മുഖത്തും ശരീരത്തും മുറിവേറ്റിരുന്നു. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
ജോലിതേടിയാണ് ചെന്നൈയിലെത്തിയതെന്ന് അസം സ്വദേശി പൊലീസിന് മൊഴി നൽകി. ആക്രമണ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ട്. വനിതാ ജീവനക്കാരിക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെരമ്പൂർ, എഗ്‌മൂർ, ചെന്നൈ ബീച്ച്, താംബരം സ്റ്റേഷനുകളിൽ ടിടിഇമാർ പ്രതിഷേധിച്ചു.