"ചപ്പാത്തിവരാൻ അഞ്ച് മിനിട്ട് വൈകിയതിന് മലയാളത്തിലെ തലയെടുപ്പുള്ള സംവിധായകന്റെ ഷൂട്ടിംഗ് നിർത്തിവച്ച നടനെ എനിക്കറിയാം"
സിനിമാ മേഖലയിൽ അധികമാർക്കുമറിയാത്ത സംഭവങ്ങൾ സംവിധായകൻ ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പറയാറുണ്ട്. ചപ്പാത്തി കിട്ടാൻ അഞ്ച് മിനിട്ട് വൈകിയതിന് ഒരു നടൻ കാണിച്ചുകൂട്ടിയ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
'തനിക്ക് രാത്രി കഴിക്കാനുള്ള ചപ്പാത്തിവരാൻ അഞ്ചോ ആറോ മിനിട്ട് വൈകിയതിന് മലയാളത്തിലെ തലയെടുപ്പുള്ള സംവിധായകന്റെ ഷൂട്ടിംഗ് നിർത്തിവച്ച താരത്തെ എനിക്കറിയാം. ഞാൻ അന്ന് രാത്രി ആ സെറ്റിൽ യാദൃശ്ചികമായി കയറിയതാണ്.
വീട്ടിൽ പോകുന്ന വഴിക്ക് കയറിയതാണ്. കയറണ്ടായിരുന്നെന്ന് പിന്നീട് തോന്നി. ചപ്പാത്തി വന്നയുടൻ, സംവിധായകൻ ആഹാരം കൊടുക്കുന്ന സെക്ഷനെ മുഴുവൻ സെറ്റിൽ നിന്ന് പിരിച്ചുവിട്ട ശേഷം മാത്രമേ ഈ താരം ചപ്പാത്തി തിന്നുള്ളൂ.
പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുള്ള ആഹാരം വിളമ്പുന്നതിൽ സീനിയറായ ആൾ എന്നോട് വികാരഭരിതനായി പറഞ്ഞത്, ദിനേശ് സാറേ ഈ എന്നും പറഞ്ഞ് നാടൻ ഭാഷയിൽ ചീത്തവിളിച്ചിട്ട് പറയുകയാണ്. നടൻ എന്റെ കൈയിൽ നിന്നും എത്ര ദിനേശ് ബീഡി വാങ്ങി വലിച്ചിട്ടുണ്ടെന്ന് അറിയാമോയെന്ന് അയാൾ എന്നോട് ചോദിച്ചു.
തുടക്കകാലത്ത് ഇവന് വായിൽ കുത്തിക്കയറ്റാൻ, നിർമാതാവിന്റെ കാശിന് ഞാൻ എന്തൊക്കെ വാങ്ങിച്ചുകൊടുത്തിട്ടുണ്ടെന്നറിയാമോയെന്നും പറഞ്ഞ് വല്ലാതെ സങ്കടപ്പെട്ടു. അവനിപ്പോൾ വലിയ താരമായപ്പോൾ, ചപ്പാത്തി കിട്ടാൻ അഞ്ച് മിനിട്ട് വൈകിയതിന് പിരിച്ചുവിട്ടു സാറെ, അനുഭവിക്കും, വെള്ളമിറങ്ങി ഇവൻ ചാകില്ലെന്ന് പറഞ്ഞ് കണ്ണ് നിറച്ചുപോയ ഒരാളെ എനിക്കറിയാം.'- ശാന്തിവിള ദിനേശ് പറഞ്ഞു.