'വാക്കാണ് ലോകശക്തി, വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്ത്'; ഒളിയമ്പുമായി ഡികെ ശിവകുമാർ

Thursday 27 November 2025 11:38 AM IST

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ നിഗൂഢ പരാമർശവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വാക്കാണ് ലോകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

ഒരുപരിപാടിയിൽ സംസാരിക്കവേയായിരുന്നു ശിവകുമാറിന്റെ പരാമർശം. 'വാക്കാണ് ലോകശക്തിയെന്നൊരു ചൊല്ലുണ്ട്, അതായത് വാഗ്ദാനം പാലിക്കുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. ജഡ്ജിയായാലും, ഇന്ത്യൻ രാഷ്ട്രപതിയായാലും, ഞാനായാലും, നിങ്ങളായാലും, നിങ്ങളുടെ വീട്ടിലെ ആരായാലും വാക്ക് പാലിക്കണം. അതാണ് ഏറ്റവും വലിയ ശക്തി, നമ്മൾ അതിനെ ബഹുമാനിക്കണം' - എന്നാണ് ഹൈക്കമാൻഡിനെ ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

ഇതിനിടിയിൽ 'കസേര'യെക്കുറിച്ചും ശിവകുമാർ പരാമർശിച്ചു. ചുറ്റുമുള്ള അനുയായികളോട് ഇരിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, തന്റെ പിന്നിൽ നിൽക്കുന്നവർക്ക് കസേരയുടെ മൂല്യം അറിയില്ലെന്ന് പറഞ്ഞു. ഒഴിഞ്ഞ കസേരകളിൽ ഇരിക്കുന്നതിന് പകരം അവർ നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത് സദസിൽ ചിരി പടർത്തി.

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കുറച്ചുനാളുകളായി തർക്കം നിലനിൽക്കുകയാണ്. നിലവിലെ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള തർക്കം സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്നലെ വ്യക്തമാക്കിയിരുന്നു. രണ്ടര വർഷം കഴിഞ്ഞ് മുഖ്യമന്ത്രി പദം നൽകാമെന്ന് ഹൈക്കമാൻഡ് വാഗ്‌ദാനം ചെയ്തതായുള്ള ശിവകുമാറിന്റെ ആവശ്യമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്.

വിദേശത്തായിരുന്ന രാഹുൽ ഡൽഹിയിലെത്തിയാലുടൻ വിഷയത്തിൽ ചർച്ചയുണ്ടാകുമെന്നാണ് വിവരം. സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഉടൻ ഡൽഹിക്ക് വിളിപ്പിച്ചേക്കും. ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താനായി ശിവകുമാറിനെ പിന്തുണയ്‌ക്കുന്ന എം എൽ എമാർ ഡൽഹിയിലുണ്ട്.