'ഞങ്ങൾ തമ്മിൽ യാതാരു ബന്ധവുമില്ല, പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ' വെളിപ്പെടുത്തലുമായി മേരി ഡി കോസ്റ്റ
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ‌് താരം സ്‌മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ഛലിന്റെയും വിവാഹം മാറ്റിവച്ചതിന് കാരണം താനല്ലെന്നും പലാഷുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നും വെളിപ്പെടുത്തി മേരി ഡി കോസ്റ്റ. സ്‌മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വിവാഹം മാറ്റിവയ്‌ക്കുന്നതായി കുടുംബം അറിയിച്ചിരുന്നു. എന്നാൽ, പലാഷും മേരി ഡി കോസ്റ്റ എന്ന യുവതിയും തമ്മിലുള്ള രഹസ്യ ചാറ്റ് കുടുംബം കണ്ടുപിടിച്ചതാണ് വിവാഹം മാറ്റിവയ്‌ക്കാൻ കാരണമെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുന്നത്. ഇവർ തമ്മിലുള്ള ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആരോപണങ്ങൾക്ക് മറുപടിയായി ഇൻസ്റ്റഗ്രാമിലൂടെ തന്റെ നിലപാട് വ്യക്‌തമാക്കിയിരിക്കുകയാണ് മേരി ഡി കോസ്റ്റ. താനും പലാഷും തമ്മിലുള്ള ബന്ധം വളരെ ഹ്രസ്വമായിരുന്നെന്നും 2025 ഏപ്രിൽ 29 മുതൽ മെയ് 30 വരെ ഒരു മാസം മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും അവർ വ്യക്തമാക്കി. പലാഷിനെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി ഒരു തരത്തിലുള്ള പ്രണയബന്ധവും ഉണ്ടായിരുന്നില്ലെന്നും മേരി ഡി കോസ്റ്റ പറയുന്നു. ജൂലായിൽ താൻ ഇക്കാര്യം തുറന്നുപറഞ്ഞെങ്കിലും ആ സമയത്ത് വിഷയം ശ്രദ്ധിക്കപ്പെട്ടില്ലെന്നും യുവതി വിശദീകരിച്ചു. കൂടാതെ, തന്റെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പത്തിലും അവർ വ്യക്തത വരുത്തി. താൻ ഒരു കൊറിയോഗ്രാഫറല്ലെന്നും പലാഷ് വഞ്ചിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തി താനല്ലെന്നും വ്യക്തമാക്കി. തെറ്റായ അനുമാനങ്ങൾ തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
'2025 ഏപ്രിൽ 29 മുതൽ മെയ് 30 വരെ മാത്രമാണ് ഞങ്ങൾ തമ്മിൽ ചാറ്റ് നടന്നത്. ഞാൻ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. ഇപ്പോൾ ഇതെല്ലാം പറയുന്നത് എന്തിനെന്ന് പലരും ചോദിക്കുന്നു. ഞാനിത് ജൂലായിൽ തന്നെ പറഞ്ഞിരുന്നു. അന്ന് പലർക്കും അദ്ദേഹം ആരാണെന്ന് അറിയാത്തതിനാൽ വിഷയം ശ്രദ്ധിക്കപ്പെട്ടില്ല' മേരി ഡി കോസ്‌റ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ഞാൻ ആരാണെന്നതിനെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു കൊറിയോഗ്രാഫറല്ല, അദ്ദേഹം ചതിച്ച വ്യക്തിയുമല്ല. കാര്യങ്ങൾ കുഴപ്പത്തിലാകുന്നതിനാലാണ് ഞാൻ ഇത് പറയുന്നത്. ആളുകൾ തെറ്റായ കാര്യങ്ങൾ അനുമാനിക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല'. മേരി ഡി കോസ്റ്റ കൂട്ടിച്ചേർത്തു.