ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഉത്തരമായി
ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? പാകിസ്ഥാനികൾ മാത്രമല്ല ലോകമാകെ ഈ ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയായിരുന്ന ഇമ്രാനെ സൈനിക മേധാവി അസിം മുനീറും പാക് ചാര സംഘടനയായ ഐഎസ്ഐയും ചേർന്ന് ജയിൽ കൊലപ്പെടുത്തിയെന്ന പ്രചാരണത്തെത്തുടർന്ന് കഴിഞ്ഞദിവസമാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യമാകെ കലാപം പടരുന്ന ഘട്ടമെത്തിയെങ്കിലും ആദ്യം ഭരണകൂടമോ ജയിൽ അധികൃതരോ വാർത്തസംബന്ധിച്ച് സ്ഥിരീകരണം നൽകിയിരുന്നില്ല. ഒടുവിലിപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് ജയിൽ അധികൃതർ.
ഇമ്രാൻ ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യം സദാ നിരീക്ഷിക്കുന്നുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നുമാണ് ജയിൽ അധികൃതർ വ്യക്തമാക്കിയതെന്നാണ് ജിയോ ന്യൂസ് റിപ്പോർട്ടുചെയ്യുന്നത്. മരിച്ചെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ ജയിലിനുമുന്നിൽ സമരം ചെയ്യുന്ന ഇമ്രാന്റെ സഹോദരി അലീമ ഖാന് അദ്ദേഹത്തെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട്. അലീമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതോടെ ജയിലിനുമുന്നിലെ സമരം അവസാനിപ്പിക്കുകയാണെന്നും അവർ അറിയിച്ചിട്ടുണ്ട്.
ഇത് ആദ്യമായല്ല ഇമ്രാൻ കൊല്ലപ്പെട്ടെന്ന വാർത്ത പ്രചരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ അദ്ദേഹം മരിച്ചുവെന്ന തരത്തിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇമ്രാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചുവെന്നും മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും അവകാശപ്പെടുന്ന പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ലെറ്റർഹെഡിലുളള രേഖ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് വ്യക്തമായി. ഇതിനുശേഷവും പലതവണ ഇത്തരത്തിലുളള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ബലൂചിസ്ഥാൻ വിദേശകാര്യമന്ത്രാലയം എന്നപേരിൽ കഴിഞ്ഞദിവസം പ്രചരിച്ച മരണവാർത്തയിൽ സ്ട്രെച്ചറിൽ കിടക്കുന്ന ഖാന്റേത് എന്നുകരുതുന്ന ഒരു ചിത്രവും പ്രചരിച്ചിരുന്നു. ഇതാണ് വാർത്ത സത്യമെന്ന് വിശ്വസിക്കാനും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടാനും കാരണമായത്.
അഴിമതിക്കേസിൽ പതിനാലുവർഷത്തെ തടവുശിക്ഷ ലഭിച്ചതിനെത്തുടർന്ന് എഴുപത്തിമൂന്നുകാരനായ ഖാൻ 2023 മുതൽ ജയിലിൽ കഴിയുകയാണ്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സ്ഥാപകൻ കൂടിയായ ഇമ്രാന് നിരവധി രോഗങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പറയുന്നത്.