പൂമൊട്ട് വിരിയാൻ ഒമ്പത് മാസം വേണം; ചീഞ്ഞ മാംസഗന്ധം, നിഗൂഢ രഹസ്യമുള്ള റഫ്ലേഷ്യ
ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പുഷ്പമാണ് റഫ്ലേഷ്യ. ബ്രൂണെ, ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ ഉൾക്കാടുകളിൽ ഈ പുഷ്പത്തെ അത്യപൂർവമായി കണ്ടുവരുന്നുണ്ട്. ലോകത്ത് 42 ഇനത്തിലുള്ള റഫ്ലേഷ്യ പുഷ്പങ്ങളുണ്ട്. ഇവയിൽ 25 എണ്ണവും വംശനാശഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ഓക്സ്‌ഫോർഡ് സർവകലാശാലയിലെ സസ്യശാസ്ത്രജ്ഞനും അസോസിയേറ്റ് പ്രൊഫസറുമായ ക്രിസ് തോറോഗുഡ് ചില വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സുമാത്രൻ വനത്തിലൂടെ അദ്ദേഹം നടത്തിയ യാത്രയിലൂടെയാണ് റഫ്ലേഷ്യയെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ലോകത്തിനറിയാൻ സാധിച്ചത്. വനമേഖലയിൽ നിന്ന് വേറിട്ട വിഭാഗത്തിൽ ഉൾപ്പെടുന്ന അപൂർവ സസ്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയെ ആകർഷിപ്പിച്ചിരുന്നു. അതിനിടയിൽ തനിക്ക് മറക്കാൻ സാധിക്കാത്ത ചില അനുഭവങ്ങളും തോറോഗുഡ് പങ്കുവച്ചു. ലോകത്തെ ഏറ്റവും വലിയ പുഷ്പമായ റഫ്ലേഷ്യ പൂത്തുലഞ്ഞുനിൽക്കുന്ന മാന്ത്രികമായ കാഴ്ച കാണാൻ സാധിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
സാധാരണ റഫ്ലേഷ്യ പുഷ്പത്തിന് ഒരു മീറ്ററോളം വീതിയും ഏഴ് കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ഇത് കടുത്ത ദുർഗന്ധമാണ് പുറത്തുവിടുന്നത്. ചില ഈച്ചകളെ ആകർഷിക്കാനായാണ് പൂവിൽ നിന്ന് ദുർഗന്ധം ഉടലെടുക്കുന്നത്. വളരെയേറെ അപൂർവതകളുള്ള സസ്യമാണ് റഫ്ലേഷ്യ. ഇലകളോ തണ്ടുകളോ വേരുകളോ ഇവയ്ക്കില്ല. മരങ്ങളിലെ വള്ളികളിൽ നിന്ന് പ്രത്യേക ഘടനകൾ ഉപയോഗിച്ചാണ് ഇവ വെള്ളവും ഭക്ഷണവും വലിച്ചെടുക്കുന്നത്.
ഈ ചെടികൾ പലപ്പോഴും മറഞ്ഞിരിക്കാറാണ് പതിവ്. അതിനാൽ റഫ്ലേഷ്യയെ കണ്ടെത്തുന്നതും പഠനം നടത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. പുഷ്‌പത്തിന്റെ ദുർഗന്ധത്തിൽ ആകർഷിക്കപ്പെട്ടെത്തുന്ന ഈച്ചകളാണ് പുഷ്പത്തിൽ പരാഗണം നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെത്തിയ യൂറോപ്യൻ സഞ്ചാരികളാണ് ഈ പുഷ്പങ്ങൾ ആദ്യമായി കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന പുഷ്‌പത്തെ സംരക്ഷിക്കാൻ കൃത്യമായ നീക്കം നടത്തിയില്ലെങ്കിൽ വർഷങ്ങൾക്കകം ഇത് അപ്രത്യക്ഷമാകാനും സാദ്ധ്യതയുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ വനനശീകരണം മൂലമാണ് ഇവ പ്രതിസന്ധിയിലായിരിക്കുന്നത്.
റഫ്ലേഷ്യ ഹാസെൽറ്റി തോറോഗുഡും സംഘവും നടത്തിയ യാത്രയിൽ അത്യപൂർവമായി കാണപ്പെടുന്ന റഫ്ലേഷ്യ ഹാസെൽറ്റി പുഷ്പവും കാണുകയുണ്ടായി. ലോകത്ത് വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ പുഷ്പം കണ്ടിട്ടുള്ളൂവെന്നും രാത്രിയിൽ കണ്ട കാഴ്ച അതിമനോഹരമായിരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ പുഷ്പത്തെ കണ്ട സന്തോഷത്തിൽ തന്റെ സഹപ്രവർത്തകൻ കരയുന്ന വീഡിയോയും തോറോഗുഡ് പങ്കുവച്ചിട്ടുണ്ട്. മനുഷ്യരെക്കാളും കൂടുതൽ തവണ ഈ പുഷ്പം കാണുന്നത് കടുവകളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പുഷ്പത്തെ പിശാചിന്റെ പച്ചക്കറിയെന്നാണ് (ഡെവിൾസ് വെജിറ്റബിൾ) വിശേഷിപ്പിക്കുന്നത്. പത്തുമുതൽ 11 കിലോഗ്രാം വരെയാണ് റഫ്ലേഷ്യ ഹാസെൽറ്റിയുടെ ഭാരം.
A life-changing encounter in Sumatra: Rafflesia hasseltii grows in just a few remote, tiger-patrolled rainforests, accessible only under permit and seen by few. We trekked day and night to find it, and look what happened when we did: pic.twitter.com/8RpiXZSFgD
— Chris Thorogood (@thorogoodchris1) November 19, 2025
ഈ പുഷ്പത്തിന്റെ ഇതളുകൾ കട്ടിയുള്ളതും തുകൽ ഘടനയിലുള്ളതുമാണ്. ഇവ മാസങ്ങളോളം വനത്തിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കും. ഒമ്പത് മാസംകൊണ്ടാണ് റഫ്ലേഷ്യയുടെ മൊട്ട് വികസിക്കുന്നത്. അതിനുശേഷമാണ് ഒറ്റരാത്രി കൊണ്ട് വലിയ പുഷ്‌പമായി മാറുന്നത്. പിന്നീട് തുച്ഛമായ ദിവസങ്ങൾ മാത്രം പൂവായി തുടർന്ന് തകരുകയും ചെയ്യുന്നു. പൂവ് വിരിയുന്ന കൃത്യമായ സമയം കണ്ടുപിടിക്കുകയെന്നത് അസാദ്ധ്യമാണെന്ന് തോറോഗുഡ് പറയുന്നു. 13 വർഷം നടത്തിയ യാത്രകൾക്കൊടുവിലാണ് അദ്ദേഹത്തിനും സംഘത്തിനും അപൂർവനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ സാധിച്ചത്.
ശവപുഷ്‌പം
ഓക്‌സ്‌ഫോർഡ് ബൊട്ടാണിക് ഗാർഡൻ അൻഡ് അർബോറേറ്റത്തിന്റെ റിപ്പോർട്ടകളനുസരിച്ച് റഫ്ലേഷ്യ പൂർണമായും ഒരു പരാദജീവിയാണ്. ഈ പുഷ്‌പം പൂക്കുമ്പോൾ ചീഞ്ഞ മാംസത്തിന് സമാനമായ ഗന്ധമാണ് പുറത്തുവിടുന്നത്. അതിനാൽ റഫ്ലേഷ്യയെ ശവപുഷ്‌പം എന്നും അറിയപ്പെടുന്നുണ്ട്. ഈ ഗന്ധം വമിക്കുന്ന 40ൽ അധികം ഇനങ്ങൾ ഇന്തോനേഷ്യയിലെ വനമേഖലകളിലുണ്ട്. സുമാത്രയിലെ റഫ്ലേഷ്യ ആർനോൾഡാണ് ലോകത്തിലെ റഫ്ലേഷ്യ ഇനത്തിലെ വലിയ പുഷ്‌പമാണ്. ഇതിന് മുന്നടി വ്യാസമുണ്ട്.