അർച്ചനയുടെ മരണം; ഭർത്താവ് ഷാരോണിനെതിരെ സ്ത്രീധന വകുപ്പുകൾ ചുമത്തി കേസെടുത്തു

Thursday 27 November 2025 1:48 PM IST

തൃശൂർ: വരന്തരപ്പിള്ളിയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ അർച്ചനയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭ‌ർത്താവ് ഷാരോണിനെതിരെ കേസെടുത്തു. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഷാരോണിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അർച്ചനയുടെ പിതാവ് ഹരിദാസ് ആരോപിച്ചിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയെന്നാണ് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.സ്ത്രീധനം ചോദിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്.

ഷാരോണിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്നാണ് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറയുന്നത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് അർച്ചന മരിച്ചതെന്നും ക്രൂരമായ പീഡനമാണ് അർച്ചനയ്ക്ക് ഏൽക്കേണ്ടിവന്നതെന്നും അവർ പറഞ്ഞു. ഷാരോണിന്റെ വീടിന് സമീപത്തുള്ള കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ തീകൊളുത്തിയശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. ഏഴ് മാസം മുൻപായിരുന്നു വിവാഹം. അർച്ചനയുടെ അമ്മയുടെ കുടുംബവീടിനടുത്ത് വാടകയ്ക്ക് താമസിക്കാൻ എത്തിയതായിരുന്നു ഷാരോണും കുടുംബവും. തുടർന്നാണ് ഷാരോണും അർച്ചനയും പ്രണയത്തിലായത്.

അടുത്തിടെയാണ് ഷാരോൺ സ്ഥലം വാങ്ങി വീടുവച്ചത്. പെയിന്റിംഗിനും മറ്റും ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഷാരോണിന്‍റെ അമ്മ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്നും കൂട്ടുന്നതിനായി പോയ സമയത്തായിരുന്നു മരണം. ഷാരോണിന്റെ അമ്മയെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം തുടരന്വേഷണത്തിന് ശേഷമേ ഉണ്ടാകൂവെന്നാണ് വിവരം.