"എനിക്ക് പറയാനുള്ളതെല്ലാം..." ഹരീഷ് കണാരന്റെ ആരോപണങ്ങളിൽ ബാദുഷയുടെ പ്രതികരണം
കഴിഞ്ഞ ദിവസമാണ് നിർമാതാവ് എൻ എം ബാദുഷയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ രംഗത്തെത്തിയത്. ബാദുഷ തന്റെ കൈയിൽ നിന്ന് ഇരുപത് ലക്ഷം രൂപ വാങ്ങിയെന്നും തിരികെ നൽകിയില്ലെന്നുമാണ് ഹരീഷ് കണാരന്റെ ആരോപണം. കൂടാതെ പണം തിരികെ ചോദിക്കുകയും അമ്മ സംഘടനയിൽ പരാതി നൽകുകയും ചെയ്തതോടെ സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബാദുഷ ഇപ്പോൾ. "എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം"- എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് ബാദുഷയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.
'ആൽപ്പമെങ്കിലും ഉളുപ്പുണ്ടേൽ ആദ്യം വാങ്ങിയ പണം തിരികെ നൽകൂ', 'ഞാൻ മേടിച്ച പൈസ തിരിച്ചു ചോദിക്കാൻ മാത്രം നീ വളർന്നോ... ' എന്ന് താൻ ചിന്തിച്ചിടത്ത് തന്റെ പതനം തുടങ്ങി..! ദൈവത്തിന്റെ രൂപത്തിൽ ടോവിനോ വന്നത് അത് കൊണ്ടാണ്.! കാലം ഇതിനു കണക്ക് ചോദിക്കും സാറെ'-ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, ബാദുഷ നിർമിക്കുന്ന റേച്ചൽ ഡിസംബർ പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. ഹണി റോസ് നായികയായെത്തുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാല ആണ് സംവിധാനം ചെയ്‌തത്. ബാബുരാജ്, ചന്തു സലിംകുമാർ, റോഷൻ ബഷീർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി കെ. ജോൺ , ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.