വാഹനപ്രേമികൾക്ക് ഇതിനോടുള്ള പ്രിയം കൂടുന്നു, എത്ര രൂപ മുടക്കാനും തയ്യാർ, റെക്കോർഡ് കുറിച്ച് ഓൺലൈൻ ലേലം
ചണ്ഡീഗഡ്: വാഹനങ്ങൾ മനുഷ്യരുടെ ജീവിതശൈലിയെ മാത്രമല്ല, അവരുടെ വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കും എന്ന് വിശ്വസിക്കുന്ന കാലത്ത് ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾക്കു പോലും വലിയ വില നൽകുന്ന പ്രവണത ഇന്ത്യയിൽ വർദ്ധിച്ചുവരുന്നുണ്ട്. ചിലർ നമ്പർ പ്ലേറ്റുകൾ തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കാണുമ്പോൾ മറ്റു ചിലർ ഭാഗ്യം ലഭിക്കുമെന്ന് കരുതി ചില പ്രത്യേക നമ്പരുകൾ തിരഞ്ഞെടുക്കുന്നു.
ബുധനാഴ്ചച ഹരിയാനയിൽ ഓൺലൈൻ ലേലത്തിലൂടെ നടന്ന ഒരു നമ്പർ പ്ലേറ്റിന്റെ വിൽപന അത്തരത്തിൽ ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. 1.17 കോടി രൂപയ്‌ക്കാണ് 'HR88B8888' എന്ന നമ്പർ പ്ലേറ്റ് വിറ്റുപോയത്. ഇന്ത്യയിൽ ഇതുവരെ ഒരു നമ്പർ പ്ലേറ്റിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയാണിത്. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ഓൺലൈൻ ലേലം തിങ്കളാഴ്‌ച രാവിലെ വരെ നീണ്ടുനിന്നു. 50000 രൂപ അടിസ്ഥാനവിലയിൽ തുടങ്ങിയ ലേലം ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു. ഈ നമ്പറിന് പ്രത്യേക ശ്രദ്ധ ലഭിച്ചതിന് കാരണം അതിന്റെ രൂപഭംഗി തന്നെയാണ്. നമ്പർ പ്ലേറ്റിലെ അക്കങ്ങൾക്ക് പുറമെ 'B' എന്ന അക്ഷരവും ഒരുപോലെ തോന്നിപ്പിക്കുന്നതിനാൽ ഇത് ഭാഗ്യം കൊണ്ട് വരുമെന്ന് ചിലർ വിശ്വസിക്കുന്നു.
ഹരിയാനയുടെ ഔദ്യോഗിക പോർട്ടലിലൂടെ വിഐപി നമ്പർ പ്ലേറ്റുകൾക്കായി വർഷങ്ങളായി നടക്കുന്ന ലേലത്തിൽ ആവശ്യക്കാർ ഏറെയാണ്. ഫാൻസി നമ്പർ പ്ലേറ്റുകളോടുള്ള പ്രിയം ഹരിയാനയിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ വർഷം ആദ്യം കേരളത്തിലെ ശതകോടീശ്വരനായ വേണു ഗോപാലകൃഷ്‌ണൻ 45.99 ലക്ഷം രൂപ മുടക്കിയാണ് തന്റെ ആഡംബര കാറിനുള്ള ഫാൻസി നമ്പർ സ്വന്തമാക്കിയത്. ജെയിംസ് ബോണ്ടിന്റെ '007' എന്ന കോഡിനോടുള്ള തന്റെ ആരാധനയുടെ അടയാളമായിട്ടാണ് 'KL 07 DG 0007' എന്ന നമ്പർ പ്ലേറ്റ് അദ്ദേഹം സ്വന്തമാക്കിയത്.