എള്ളുപായസം... ഫലമറിഞ്ഞ് നടത്തിയാൽ ഫലപ്രാപ്തിയും വേഗത്തിൽ
ഭസ്മാഭിഷേകം, എള്ളുപായസം, പാനകം വഴിപാട്... ശാസ്താവിനെ പ്രീതിപ്പെടുത്താൻ ഭക്തർ ചെയ്യുന്ന വഴിപാടുകളിൽ ചിലതാണിത്. ത്വക് രോഗം,പാപനാശം, പിതൃമോക്ഷം എന്നിവയ്ക്കുവേണ്ടിയാണ് ഭക്തർ ഈ വഴിപാടുകൾ നടത്തുന്നത്. ഫലമറിഞ്ഞ് നടത്തുന്ന വഴിപാടുകളുടെ ഫലപ്രാപ്തിയും വളരെ വേഗത്തിലായിരിക്കും.
ഭസ്മാഭിഷേകം
പതിനെട്ടുപിടി ഭസ്മംകൊണ്ടാണ് ശാസ്താവിന് അഭിഷേകം കഴിക്കേണ്ടത്. ശനിദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാനും ത്വക് രോഗങ്ങൾ ശമിക്കാനും ഔഷധങ്ങൾ ഫലിക്കാനുമാണ് ഭസ്മാഭിഷേകം നടത്തുന്നത്.
എള്ളുപായസം
പാപനാശവും പിതൃമോക്ഷവും ലഭിക്കാനായി ചെയ്യുന്നതാണ് എളളുപായസം വഴിപാട്. അരിയുടെ ഇരട്ടി ശർക്കരയും പാതി എള്ളുമാണ് എള്ളുപായസത്തിന് ഉപയോഗിക്കുന്നത്. ഉണ്ടാക്കുന്ന എള്ളുപായസം മുഴുവൻ കഴിക്കാതെ അതിന്റെ ഒരുപങ്ക് കാക്കകൾക്ക് കൊടുത്തിട്ടുവേണം കഴിക്കാൻ. അങ്ങനെയെങ്കിൽ ശനിദോഷം മാറിക്കിട്ടും.
പാനകം വഴിപാട്
നാരങ്ങാനീരിൽ ശർക്കര, ഏലയ്ക്ക, ചുക്ക്, തേൻ തുടങ്ങിയ ഔഷധങ്ങൾ ചേർത്തുണ്ടാക്കി ഭഗവാന് സമർപ്പിക്കുന്ന വിശിഷ്ട ഭോജ്യമാണ് പാനകം. ശാസ്താവിന്റെ ഇഷ്ട നിവേദ്യവുമാണിത്. വിഷബാധ, കൈവിഷദോഷം എന്നിവമാറുന്നതിന് ഏറെ നല്ലതാണ്. ശാസ്താവിന് നേദിച്ച പാനകം മൂന്നുനേരങ്ങളിലായി കഴിച്ചാൽ ശനി ഓടിയൊളിക്കും എന്നാണ് വിശ്വാസം. രോഗമുണ്ടാകുന്നത് ശനിയാണ്. ആ ശനി ശരീരത്തിൽ നിന്ന് ഒഴിയുന്നതോടെ രോഗദുരിതങ്ങൾ മാറും.
അഭീഷ്ട സിദ്ധിക്കും വിഷഭീതി അകറ്റാനും ശാസ്താവിന് നീലശംഖുപുഷ്പംകൊണ്ട് അർച്ചന നടത്താം. വൈകുന്നേരം പതിനൊന്ന് പുഷ്പംകൊണ്ടാണ് അർച്ചന നടത്തേണ്ടത്.