'വർഷങ്ങൾക്ക് ശേഷം രാജുവിനെ എന്റെ സഹോദരനായി കാണാൻ പറ്റി, അന്ന് സുപ്രിയയും പൂർണിമയും ഒപ്പമില്ലായിരുന്നു'
സിനിമാരംഗത്ത് വളരെ തിരക്കേറിയ താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സഹോദരങ്ങളായ ഇവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ആരാധകർ അറിയുന്നത് അമ്മ മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്. ഇപ്പോഴിതാ പൃഥ്വിരാജും താനും വല്ലപ്പോഴും മാത്രമേ കാണാറുള്ളു എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് ഇന്ദ്രജിത്ത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
'ഞാൻ രാജുവിനെ കണ്ടിട്ട് ആറുമാസം ആയെന്ന് തോന്നുന്നു. ഞങ്ങളെല്ലാവരും സിനിമയിലുള്ള ആൾക്കാരാണല്ലോ. രാജു എറണാകുളത്തുള്ള സമയത്ത് ഞാനവിടെ കാണില്ല. ഇപ്പോൾ രാജു ഇവിടെയില്ല. ഞാനുണ്ട്. അങ്ങനെ കണ്ടുമുട്ടുന്ന സാഹചര്യങ്ങൾ വളരെ കുറവാണ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ കാണും. അമ്മയുടെ പിറന്നാളിന് അല്ലെങ്കിൽ ഓണത്തിന്. അല്ലാതെ സ്ഥിരമായി കാണാറില്ല.
എപ്പോഴും കാണാനും സംസാരിക്കാനും കുടുംബമായി ഒരുമിച്ചിരുന്ന സമയം ചെലവഴിക്കാനും ഞങ്ങൾക്ക് സാധിക്കാറില്ല. പക്ഷേ, സമയം കിട്ടുമ്പോൾ അത് പരമാവധി വിനിയോഗിക്കും. രാജുവിനൊപ്പമുള്ള സമയം ഞാൻ എഞ്ചോയ് ചെയ്യാറുണ്ട്. എമ്പുരാന്റെ ഷൂട്ടിംഗ് നടന്നപ്പോൾ യുഎസിൽ മൂന്നുദിവസം ഞങ്ങൾ ഒരുമിച്ചായിരുന്നു. സഹോദരങ്ങൾ മാത്രമുള്ള സമയം. പൂർണിമയും സുപ്രിയയുമൊന്നും ഇല്ലായിരുന്നു. ഞാനും രാജുവും മാത്രം. ഈ നിമിഷം സഹോദരനായി വീണ്ടും കാണാൻ പറ്റി. അതെപ്പോഴും നടക്കാറില്ല. വല്ലപ്പോഴുമാണ് ഇങ്ങനെയൊരു ചാൻസ് കിട്ടുന്നത് ' - ഇന്ദ്രജിത്ത് പറഞ്ഞു.
പൂർണിമയുടെ വസ്‌ത്രസ്ഥാപനത്തിലെ തിരക്കിനെക്കുറിച്ചും ഇന്ദ്രജിത്ത് പറയുന്നുണ്ട്. നിലവിൽ ക്രിസ്‌മസ് കളക്ഷൻ ഡിസൈൻ ചെയ്‌തുകൊണ്ടിരിക്കുകയാണ്. ടാലന്റഡായ ഭാര്യയുള്ളത് സന്തോഷമാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു.