ഇങ്ങനത്തെ ജോലി ആഗ്രഹിക്കാത്തവർ ആരാണുള്ളത്; വെറുതെയല്ല ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായി മാറിയത്

Thursday 27 November 2025 4:51 PM IST

ഓസ്ലോ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായിട്ടാണ് നോർവേയെ കണക്കാക്കുന്നത്. ഇവിടത്തെ ജീവിതസാഹചര്യം തന്നെയാണ് ജനങ്ങളിൽ സന്തോഷം ജനിപ്പിക്കുന്ന പ്രധാന കാരണം. ഇവിടത്തെ തൊഴിലിടങ്ങൾ മലയാളികളടക്കമുള്ളവരെ ഏറെ ആകർഷിക്കാറുണ്ട്.

പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യുന്നവരേറെയുണ്ട്. പലപ്പോഴും കൈനിറയെ കാശ് കിട്ടുമെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകില്ല. എന്നാൽ നോർവേയിൽ ജീവിതവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ വളരെ എളുപ്പമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് സച്ചിൻ ഡോഗ്ര എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നോർവേയിൽ മറൈൻ ടെക്കിയായി സച്ചിൻ ജോലി ചെയ്തിരുന്നു. ദിവസം ഏഴര മണിക്കൂർ മാത്രം ജോലി ചെയ്താൽ മതി. നോർവേയിലെ മിക്ക കമ്പനികളിലും ഇങ്ങനെത്തന്നെയാണത്രേ. കോർ അവേഴ്സ്, ഫ്‌ളെക്സിബിൾ അവേഴ്സ് എന്നിങ്ങനെയുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.

അതായത് മീറ്റിംഗുകൾക്കും, ടീം വർക്കിനുമൊക്കെ എല്ലാ ജീവനക്കാരെയും ലഭ്യമാകുന്ന സമയമാണ് കോർ അവേഴ്സ്. ഇതിനുശേഷം ജീവനക്കാർക്ക് അവരുടെ ഇഷ്ടാനുസരണം രാവിലെയോ വൈകിട്ടോ മക്കളെ സ്‌കൂളിൽ പറഞ്ഞുവിട്ടതിനുശേഷമോ ഒക്കെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നുവെന്ന് സച്ചിൻ പറയുന്നു. ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിലൊന്നായി ഇത് മാറാനുള്ള കാരണവും ഈ ആറ്റിറ്റ്യൂഡാണെന്ന് യുവാവ് വ്യക്തമാക്കി.