'ഷൂട്ടിംഗിനിടെ രഞ്ജിത്തുമായി വലിയ വഴക്കായി, അച്ഛന്റെ മൂക്കിൽ നിന്ന് രക്തം വന്നു'; ഷമ്മി തിലകൻ
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ പ്രകടനം കണ്ടപ്പോൾ തിലകനെ ഓർമവന്നു എന്ന പൃഥ്വിരാജിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് ഷമ്മി തിലകൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പ്രോത്സാഹനം തന്റെ മനസിൽ തട്ടിയെന്നും ഒരു അവാർഡ് പോലെയാണ് ഇതിനെ കാണുന്നതെന്നും ഷമ്മി പറഞ്ഞു. തന്റെ പിതാവ് തിലകനും സംവിധായകൻ രഞ്ജിത്തും തമ്മിൽ മുമ്പ് മറ്റൊരു സെറ്റിൽ വച്ചുണ്ടായ വാക്കുതർക്കത്തെക്കുറിച്ചും ഷമ്മി തിലകൻ ഓർത്തു.
'അച്ഛനും രഞ്ജിത്തുമായി നല്ലൊരു വഴക്കുണ്ടായി. പരസ്‌പരം സംസാരമായി. അച്ഛന് അത് വല്ലാതെ ഫീൽ ചെയ്‌തു. ഈ വഴക്കിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം അച്ഛന്റെ മൂക്കിൽ നിന്ന് രക്തം വന്നു. അന്ന് ദേഷ്യത്തിൽ അദ്ദേഹം പൊള്ളാച്ചിയിലെ ലൊക്കേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറോടിച്ച് വരികയും ചെയ്‌തു. ഇക്കാര്യം ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് അറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷം പരിചയമില്ലാത്ത് നമ്പറിൽ നിന്നൊരു കോൾ വന്നു. രഞ്ജിത്തായിരുന്നു അത്. അദ്ദേഹം കുറച്ചുനേരം വിഷയത്തെക്കുറിച്ച് സംസാരിച്ചു. എന്നോട് മാപ്പ് പറയുകയാണെന്നും എന്നാൽ, അച്ഛനോട് മാപ്പ് പറയില്ലെന്നും പറഞ്ഞു. അച്ഛന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് രഞ്ജിത്ത് അന്ന് പറഞ്ഞിരുന്നു.
പിന്നീട് ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ തിലകന് ഒരു നിർണായക കഥാപാത്രമുണ്ടെന്നും അത് സിനിമയുടെ ഹൈലൈറ്റ് ആണെന്നും രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിന് വേണ്ടി അച്ഛനെ വിളിച്ചപ്പോൾ ആദ്യം വഴക്കാണ് കേട്ടത്. പിന്നീട് രഞ്ജിത്ത് നേരിട്ട് വിളിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു ' - ഷമ്മി തിലകൻ പറഞ്ഞു.