ഐ.ഐ.ടി മുംബയ് എന്ന് പേര് നൽകണം: ഫഡ്നാവിസ്
ന്യൂഡൽഹി:ഐ.ഐ.ടി ബോംബെയുടെ പേര് ഐ.ഐ.ടി മുംബയ് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും കത്തയയ്ക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അടുത്തിടെ ഐ.ഐ.ടി ബോംബെയുടെ പേര് സംബന്ധിച്ച് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് നടത്തിയ പരാമർശങ്ങൾക്കെതിരായ മഹാരാഷ്ട്ര നവ്‌നിർമാൺ സേനയുടെ വിമർശനത്തിന് പിന്നാലെയാണിത്. തിങ്കളാഴ്ച ഐ.ഐ.ടി ബോംബെയിൽ നടന്ന ഒരു ചടങ്ങിൽ,ഐ.ഐ.ടി ബോബെയുടെ പേര് ഇപ്പോഴും അതുതന്നെയായതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും നിങ്ങൾ അതിന്റെ പേര് മുംബയ് എന്നാക്കിയില്ലെന്നുമായിരുന്നു ജിതേന്ദ്ര സിംഗ് പറഞ്ഞത്.മറാത്തിയെയും മുംബയെയും മഹാരാഷ്ട്രയെയും അപമാനിക്കാൻ കിട്ടുന്ന ഒരു അവസരവുംബി.ജെ.പി നേതാക്കൾ പാഴാക്കാറില്ലെന്ന് എം.എൻ.എസ് നേതാവ് ഗജാനൻ കാലെ പറഞ്ഞു.കേന്ദ്ര മന്ത്രിയുടെ പരാമർശത്തിന് മുംബയ് ബി.ജെ.പി പ്രസിഡന്റ് അമിത് സതാമും സംസ്ഥാന മന്ത്രി ആശിഷ് ഷെലാറും ബാൽ താക്കറെയുടെ സ്മാരകത്തിൽ പോയി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.