ബെഞ്ച് മാറുന്നതിനനുസരിച്ച് ഉത്തരവ് പരിഷ്‌കരിക്കാനാവില്ല സുപ്രീംകോടതി

Friday 28 November 2025 4:04 AM IST

ന്യൂഡൽഹി: ബെഞ്ചിലെ ജ‌ഡ്‌ജിമാർ മാറുന്നതനുസരിച്ച് ഉത്തരവുകൾ ഭേദഗതി ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. പശ്ചിമ ബംഗാളിലെ കൊലപാതക കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കവേ കൊൽക്കത്ത വിട്ടുപോകരുതെന്ന് സുപ്രീംകോടതി വ്യവസ്ഥ വച്ചിരുന്നു. ഉത്തരവിട്ട ബെഞ്ചിലെ ഒരു ജ‌ഡ്‌ജി ഇതിനിടെ വിരമിച്ചു. പിന്നാലെ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി പ്രതി സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച്. ഉത്തരവുകളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് നിയമവാഴ്ചയുടെ അടിസ്ഥാന പ്രമാണമാണെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയിലെ ഒരു ബെഞ്ച് വിധി പറഞ്ഞാൽ അതു അന്തിമമാണ്. ആ കേസ് വീണ്ടും പരിഗണിച്ച് ഉത്തരവ് മാറ്റിയെഴുതുന്നത് ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണെന്നും വ്യക്തമാക്കി. പ്രതിയുടെ അപേക്ഷ തള്ളി.