രാഹുലിനെ കൈവിട്ട് പാര്‍ട്ടി; പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍, അറസ്റ്റ് ചെയ്യാന്‍ നീക്കം?

Thursday 27 November 2025 7:00 PM IST

പാലക്കാട്/ തിരുവനന്തപുരം: ലൈംഗിക അതിക്രമത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് പരാതി നല്‍കിയതോടെയാണ് യുവ നേതാവ് വെട്ടിലായിരിക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ സഹിതം യുവതി നല്‍കിയ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

പരാതി ലഭിച്ച പശ്ചാത്തലത്തില്‍ യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്താനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാനുള്ള സാദ്ധ്യത മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ടു. പാര്‍ട്ടി രാഹുലിന് ഒപ്പമില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. അതേസമയം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി രാഹുലിനെ ന്യായീകരിച്ചാണ് നിലപാട് വ്യക്തമാക്കിയത്.

രാഹുലിനെതിരെ എന്ത് അന്വേഷണവും നടപടിയും സര്‍ക്കാരിനും പൊലീസിനും സ്വീകരിക്കാമെന്ന് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ വീട് കയറിയുള്ള പ്രചാരണമുള്‍പ്പെടെയായി രാഹുല്‍ മുന്നോട്ട് പോകുന്നതിനിടെയാണ് യുവതി നേരിട്ടെത്തി പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലാണ്. രാഹുലിനെതിരെ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് എംഎല്‍എ ഓഫീസ് പൂട്ടിയതെന്നാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും ഹൈക്കോടതി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോദ്ധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുലിന്റെ പ്രതികരണം.

നേരത്തെ ഒന്നിലധികം യുവതികള്‍ രാഹുലിനെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തുവന്ന പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഓഡിയോ ക്ലിപ്പുകളും മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് നിയമസഭയിലുള്‍പ്പെടെ പ്രത്യേക സീറ്റാണ് പാലക്കാട് എംഎല്‍എക്ക് അനുവദിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പോടെ വീണ്ടും പാര്‍ട്ടിയില്‍ സജീവമാകുന്നതിനിടെയാണ് യുവതി നേരിട്ട് പരാതി നല്‍കിയത്.