ഉന്നക്കുപ്പയിൽ പിക്കപ്പ് വാനിടിച്ച് ഫയർഫോഴ്‌സ് ഡ്രെെവർ മരിച്ചു
Friday 28 November 2025 1:39 AM IST
മൂവാറ്റുപുഴ: ബൈക്ക് യാത്രക്കാരനായ ഫയർഫോഴ്‌സ് ഡ്രെെവർ പിക്കപ്പ് വാനിടിച്ച് മരിച്ചു. കൂത്താട്ടുകുളം അഗ്നിരക്ഷാനിലയത്തിലെ ഡ്രെെവർ ഇടയാർ കിഴകൊമ്പ് വലിയകട്ടയിൽ റിയോപോളാണ് (43) മരിച്ചത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ ഉന്നക്കുപ്പയ്ക്ക് സമീപം ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്.
മൂവാറ്റുപുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വേഗതയിലെത്തിയ പിക്കപ്പ് വാനിടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ റിയോയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.